Sunday, May 17, 2015

നിലാത്തെളി.

നിലാത്തെളി.

എല്ലാ കവികളും സിനിമയ്ക്കുവേണ്ടി പാട്ടെഴുതുമ്പോൾ നൃത്തത്തിനു പാട്ടെഴുതുവാനാണു എനിക്കവസരം കിട്ടിയത് .അതിന്റെ അവതരണം കാണാൻ ഇന്നു പോയിരുന്നു, ചേരനല്ലൂർ കാർത്ത്യായനി ക്ഷേത്രത്തിൽ. സരള ടീച്ചർ സംവിധാനം ചെയ്തവരിപ്പിച്ച “ലാസ്യ പ്രപഞ്ചം“ എന്ന നൃത്ത രൂപം. ജ്യോതിർഗോളങ്ങൾ, പ്രകൃതി, വായു, അഗ്നി,ആകാശം, തിര്യക്കുകൾ, അവയുടെ സഹജീവനം ഇവ നൃത്ത രൂപത്തിൽ വരച്ചുകാട്ടികൊണ്ട് സദസ്സിനെ കയ്യിലെടുത്തു ഈ ആവിഷ്കാരം. 43 കുട്ടികൾ പങ്കെടുത്ത ഈ അവതരണത്തിൽ ചന്ദ്രനെയായിരുന്നു ഞാനെഴുതിയ “നിലാത്തെളി“ എന്ന കവിത ആലപിച്ചവതരിപ്പിച്ചത്. ശ്രീ ബൈജു ആയിരുന്നു സംഗീതം നൽകി ഈ കവിത ആലപിച്ചത്. കാണുക.

ഈറനുടുത്തൊരു കാർമുകിൽ വൃന്ദം
ആരെ മറച്ചു പിടിക്കുന്നോ?
കരിമുകിൽമാലയെടുത്തിട്ടാരുടെ
മാരനു സ്വാഗതമോതുന്നോ?
കുതുകമിയന്നു വിയത്തിൽ ചെറു ചെറു
മിന്നാമ്മിന്നികൾ നിൽക്കുമ്പോൽ
ഉഡുഗണമഖിലം രാവിൻ മുടിയിൽ
മുത്തണിമാലകൾ ചൂടുന്നോ?



ആരുടെ വരവോ? തിങ്കൾക്കലയൊരു
പോരിനു തേരൊലി കൂട്ടുന്നോ?
വാൾമുനപോലൊളി മിന്നും തിരുവുടൽ
ചെറ്റു മറച്ചു ചിരിക്കുന്നു.

ഇന്ദുമുഖാംബുജ സുന്ദര രൂപം
മന്ദമണഞ്ഞതു കണ്ടപ്പോൾ
ചന്ദനലേപം പൂശിയ വാർമുകി-
ലംഗന ലജ്ജയണിഞ്ഞെന്നോ?

 പനിമതി രാവിലുദിക്കും, ധരയിലെ
ജനിമൃതികൾക്കൊരു കാവലുമായ്
നിയതമിതേമട്ടുലകം ചുറ്റി
സമയരഥത്തിലിറങ്ങുമ്പോൾ
അകലെദ്ദിനകര കിരണമുഖങ്ങൾ
അരുണിമചാർത്തിമറയ്ക്കുന്നൂ
പഴയകളങ്കം, കാളിമ, കറകൾ
മറയും ദീപ്തി ചുരത്തുന്നു,
പുതിയ നിലാത്തെളിയൊളിയൊഴുകുന്നൂ
പുതിയ ഋതുക്കൾ തെളിക്കുന്നൂ.

Wednesday, April 22, 2015

ലൂയീസ് പീറ്റർ കവിത ചൊല്ലുന്നു

ലൂയീസ് പീറ്റർ കവിത ചൊല്ലുന്നു

ഇന്നലെ സായാഹ്നത്തിൽ-
ക്കണ്ടു ഞാൻ ലൂയീസിനെ
മുന്നിലായിരിക്കുന്നോർ
കൈയടിക്കവെ, മരി-
ക്കുന്നതന്നാത്മാവിനെ-
ക്കാഴ്ചയാക്കിയും, ജനം
കയ്യടിച്ചുണർത്തുന്ന
വേദി കീഴടക്കിയും.


“ കാവ്യ സായാഹ്നം” വേദി
ഗ്രാമ്യ വായനശ്ശാല
ഭാവസാന്ദ്രമാം സ്വരം
ആദ്യമേ മുഴക്കുവാൻ
മോഡറേറ്ററിൻ വിളി
കേട്ടപാടെ വേദിയിൽ
ആദ്യമൂഴമായൊരാൾ
ആടിയാടിയെത്തുന്നു!
വ്യക്തവുമവ്യക്തവുമാ-
യുരക്കുന്നാമുഖം
ശക്തമായ് വമിക്കുന്ന
മദ്യ ഗന്ധവും പേറി!

വാക്കിലും വചസ്സിലും
കാവ്യ ഗന്ധമുള്ളയാൾ
പാഴിലാക്കിയ തന്റെ
ജീവിതം കരിച്ചിട്ട
വാഴ്വിനെ നോക്കി-
പ്പതം പാടുന്നു, ജനക്കൂട്ടം
കയ്യടിച്ചുയർത്തുന്നു!
തീർച്ചയാണയാൾ നാളെ
പാതയോരത്തോ, കട-
ത്തിണ്ണയിലിരുട്ടിലോ
വീണടിഞ്ഞൊടുങ്ങിടും,
വാഴ്ത്തിടാനൊരൾ കൂടി
വന്നു പെട്ടിടും വീണ്ടും,
കാവ്യമോ ജയിപ്പത്?

തീർച്ച ഹേ, ലൂയിസ് പീറ്റർ
ഓർക്കുക സ്വയം നിങ്ങൾ
വിറ്റതും വിതച്ചതും
ആർക്കു വേണ്ടിയാണാവോ?
ഏതു പാഴ് നിലത്തിലും
പാഴ്മുളയെടുത്താർത്തു
ശാഖകൾ വിരീക്കുവാൻ
പോരുമോ വിതച്ചത്?

Friday, April 10, 2015

മേഘ സന്ദേശം

മേഘ സന്ദേശം

ഇരു ചിറകിൽപ്പല മേഘവൃന്ദമേറി-
ക്കരയിടമൊക്കെയറിഞ്ഞു പോന്നിടാനായ്
ഖഗമൊരുനാൾ നിലവിട്ടുയർന്നു പൊങ്ങി-
ദ്ധരയിലുദിച്ചിടുമംഗഭംഗി തേടി.


നിരനിര തീർത്തു നിറഞ്ഞു തിങ്ങി ദൂരെ-
ച്ചെറിയൊരു ചാരുപടം വരച്ച പോലെ.
തെളിയുകയായ്ക്കര, മേഘമാല നീക്കി-
പ്പനിമതി വന്നു ചിരിച്ചിടുന്ന ചേലിൽ.

ചിറകു വിരിച്ചതിമോദവായ്പ്പിയന്നാ
ക്കിളിയതിവേഗമിറങ്ങി, മുഗ്ദ്ധഭംഗ്യാ
ഇളകിടുമാലസ ലാസ്യനൃത്തമാടും
തലനിരകൾ ഹഹ! കല്പവൃക്ഷമെങ്ങും.

ചതുരത ചെത്തിയൊരുക്കി വച്ച രൂപം
കുതകമെഴും കുല താങ്ങി നില്പു ചുറ്റും
ശബളിമ വാരിവിതച്ചിടുന്ന പൂംതൊ-
ത്തതിനടി താങ്ങി നിരന്നിടുന്ന കൈകൾ.

പലനിറമായ്പല രൂപഭംഗിചേർത്ത
ക്കല വിരിയിച്ചു വിചിത്രമാക്കിയാരോ.
മതി കവരും നിറ ശീതളത്വമാഹാ!
കുളിരൊളി പൂണ്ടു മനം നിറച്ചു പക്ഷി.

കനകമയം ഫലമെന്തിതെന്നു കൊത്തി-
ത്തിരയുകയായ് ചെറു ചുണ്ടുകൊണ്ടു പാവം!
കടുതരമത്തൊലി കൊക്കിനേകി ബോധം
ദൃഢതരമാണിതിനുള്ളിലുണ്ടു തേനും.

ദിനകരനങ്ങു വെയിൽക്കുരുന്നു വീശി-
ക്കിളിയുടെയിക്കളി കണ്ടു ലീനനായി
വരമതി മോദമനുഗ്രഹിച്ചു:“ കൊക്കാൽ
നുകരുക നീ ഇളനീർ യഥേഷ്ടമിപ്പോൾ.“

കുതുകമൊടക്കിളി മുട്ടി വാതിലിന്മേൽ
ചടുലത ചീറ്റി വരുന്നു നീർ! ജഗത്തിൽ
ഇതിനു സമം രസ നിർമ്മലാർദ്രമായി-
ട്ടമൃതമിതാരു ചുരത്തിടുന്നു തായേ!

പ്രകൃതിയിലേതു ഫലം പടുത്തു വച്ചീ
മധുരതരം, വിമലം ജലം ജഗത്തിൽ
ഖഗമതു മൊത്തിനുകർന്നു മോദവായ്പാൽ
കളമൃതുഗാന രവാരവം മുഴക്കി.

















ഹാഹാ! നിർമ്മല നീർ നിറച്ചു നിരയായ്
നിൽക്കുന്നു കല്പദ്രുമം,
ആകാശത്തിനു മുത്തമിട്ടു മലയാ-
ളത്തിന്റെ മുറ്റത്തിതാ
സാഹ്ലാദം കിളി വട്ടമിട്ടു മുകിലിൻ
വക്കേറി ദേശാന്തരേ-
യിഗ്ഗാനം രസ ഭാവബദ്ധ സുഖദം
സന്ദേശമെത്തിച്ചു പോൽ!

Tuesday, March 24, 2015

മാ നിഷാദ!

മാ നിഷാദ!


ആരെ നോക്കിപ്പറഞ്ഞു വാൽമീകിയി-
പ്പേരു ദോഷം പതിച്ചാർക്കു വച്ചുവോ?
ഏതൊരമ്പിൻ മുനപ്പിൽ കൊരുത്തു വൻ
പാപഭാരം വരം വാങ്ങി വച്ചതാർ?

പ്രാണരോദനം കേട്ടുവോ? ആരുടെ
പ്രാണനെക്കുത്തി നോവിച്ചു വിട്ടുവോ?
ഏതു പൈങ്കിളിച്ചോരയാൽ കാട്ടിലെ
പൂക്കളും പുല്ലുമാകെക്കുതിർന്നുവോ?
ആരു പെണ്ണിൻ മുലക്കണ്ണരിഞ്ഞുവോ,
ക്രൂരമായ് വെട്ടിയാട്ടിയോടിച്ചുവോ,
ആരൊളിഞ്ഞസ്ത്രമെയ്തയച്ചാരുടെ
ജീവനെത്തീർത്തു നിഷ്ഠുരം, നിർദ്ദയം?

 എത്ര കാട്ടാളരെക്കൊന്നു, കാടിന്റെ
മക്കളെക്കൊന്നു രക്ഷിച്ചതാരെയോ?
ആരു നെഞ്ഞം തകർത്തു തൻ പാതിയിൽ
പേരു ദോഷം സ്ഥിരം ചൊല്ലിയിങ്ങനെ?

നേരെനോക്കിപ്പറഞ്ഞില്ലയക്കവി
പേരു ചൊല്ലിപ്പതം പാടിയില്ല ഹാ!
മാ നിഷാദ!യെന്നുച്ചരിച്ചിക്കാവ്യ-
മെറെ ഗൂഢം പറഞ്ഞുവച്ചിങ്ങനെ!

ആരെ നോക്കിപ്പറഞ്ഞു വാൽമീകിയി-
പ്പേരുദോഷം പതിച്ചാർക്കു വച്ചുവോ!

Wednesday, March 11, 2015

ഉപാധികളില്ലാതെ ഒരു കവി

 ഉപാധികളില്ലാതെ ഒരു കവി

ഡോ. എൻ രേണുക,
അസി. പ്രൊഫസർ, ,മലയാളം,
എൻ എസ് എസ് കോളേജ് ചേർത്തല

ഒരു സാഹിത്യ രൂപവും ശൂന്യതയിൽ നിന്ന് സൃഷ്ടിക്കപ്പെടുന്നില്ല. നിലനിൽക്കുന്ന സ്ഥലകാല ങ്ങളുടെ യുക്തികൾ എഴുത്തുരൂപങ്ങളിൽ കൃത്യമായി പ്രതിഫലിക്കും. ഭാഷയിൽ ഭാഷ തേടുന്ന സ്വകാര്യമായ കാലത്തിന്റെ യുക്തിയാണത്. ബോധാബോധങ്ങളുടെ ലയനത്തിൽ, ദിവ്യമായ ഒരു വെളിപാടിന്റെ നിമിഷത്തിൽ സംഭവിച്ചുപോകുന്ന ഭാഷാരൂപമാണു കവിത എന്ന് ഇക്കാലത്തല്ല , ഒരു കാലത്തും പറയാനാവില്ല. കാരണം കൃത്യമായ ഒരു ഹോം വർക്ക് എഴുത്തിൽ നടക്കുന്നുണ്ട്. ഉചിതമായ ഒരു ഘടനയ്ക്കു വേണ്ടിയുള്ള അന്വേഷണം. ഇത്തരം ഫ്രയിമുകളുടെ കണ്ടെത്തലാണു് ഒരു കവിക്കു മുൻപിലുള്ള യഥാർത്ഥ വെല്ലുവിളി. ലോകത്തിന്റെ താല്പര്യങ്ങൾ വളരെ ചുരുക്കമാണു്. കുറച്ചു വിഷയങ്ങൾ മാത്രമാണു് ഇവിടെയുള്ളത്. അവയെ സമീപിക്കുന്നതിലും അവതരിപ്പിക്കുന്നതിലുമുള്ള രീതീ വൈചിത്ര്യങ്ങളാണു കവിയെ അനന്യനാക്കുന്നത്. എഴുത്തുകാർ ഭാഷയിലൂടെ കാലത്തിൽ ഇടപെടുന്നവരാണു്. നിരന്തരം പരിണമിച്ചുകൊണ്ടിരിക്കുന്ന കാലഗതിയിൽ അങ്ങനെയല്ലാതിരി ക്കുവാൻ സർഗ്ഗാത്മകശേഷിയുള്ള ഒരു വ്യക്തിയ്ക്ക് സാധ്യമല്ല. ‘നിഷ്പന്ദമായ ഒരു കാലം‘ യോഗാത്മകമായ മനോഭാവമാണു്. ഭാഷ ജീവന്റെ അടയാളമാണെങ്കിൽ അതിനു കാലാനുസൃതമായ മാറ്റം ഉണ്ടായിരിക്കണം . ഭാഷയുടെ മേച്ചിൽപ്പുറങ്ങളിൽ സ്വന്തമായൊരു ഇടം ആഗ്രഹിക്കുന്നവർ അങ്ങനെ ഒരു ഭാഷാശൈലി രൂപപ്പെടുത്തിയെടുക്കേണ്ടതുണ്ട്. ഒരു വീടിന്റെ അപൂർവ്വതയുള്ള ഡിസൈൻ തേടുംപോലെയാണത്. ഷാജി നായരമ്പലം എന്ന കവിയുടെ വൈജയന്തി, രാമായ ണക്കഴ്ചകൾ, ഗുരുദേവഗീത എന്നീ മൂന്നു കൃതികളും ഇത്തരം ഒരു പാറ്റേൺ അന്വേഷിക്കുന്നവയാണു്. എങ്കിലും മറ്റേതോ ഒരു കാലത്തിൽ തങ്ങി നിൽക്കുന്നതിന്റെ ഓർമ്മകൾ ഒരു ബ്ലാക് ആന്റ് വൈറ്റ് ഫോട്ടോയിലെന്നപോലെ കവിതകളിൽ പ്രതിഫലിക്കുന്നുണ്ട്. ഭാഷാപരമായ തുടർച്ച അവകാശ പ്പെടാനില്ലാതെ മൂന്നും മൂന്നു ഖണ്ഡങ്ങളായി നിൽക്കുന്നു എന്നത് അപൂർവ്വതയുമാണു്. ആധുനികതയ്ക്കു ശേഷം രൂപപ്പെട്ട കാവ്യശലിയുള്ള പിന്തുടർച്ചക്കാരനാണു ഷാജിയെന്നു പറയാനാവില്ല. നിർവ്വചിക്കപ്പെടാത്ത താളപദ്ധതികളോ സങ്കീർണ്ണമായ ഭാവതലങ്ങളോ കവിതകളിലില്ല. ഓർമ്മയുടെ ഒരു ഖണ്ഡം അവതരിപ്പിം പോലെയാണു ഈ ശൈലി. മനസ്സിന്റെ നേർക്കാഴ്ച്ചകൾ മാത്രം.
രാമായണക്കഴ്ച്ചകൾ എന്ന സമഹാരത്തിൽ രാമായാണിധിഷ്ഠിതമായ സന്ദർഭങ്ങളുടേയും കഥാപാത്രങ്ങളുടെയും പുനർവായനായുണുള്ളത്. രാമയാണത്തെ ആസ്പദമാക്കി കഥ, നോവൽ, നാടകം, ഖണ്ഡകാവ്യം എന്നിങ്ങനെ അസംഖ്യം സാഹിത്യമാതൃകകൾ ഇന്ത്യൻ ഭാഷകളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. അതിനർത്ഥം ഇനിയും പൂരണങ്ങൾ ആവശ്യപ്പെടുന്ന എന്തോ ഒന്ന് അവയിലുണ്ടെന്നാണു്. വിവിധ ദേശ്യഭാഷകളുടെ യുക്തികളിലൂടെ ഇതിഹാസത്തിന്റെ ഗൂഢാർത്ഥങ്ങൾ അന്വേഷിക്കുന്ന രീതിയാണത്. പുനർവായനകൾ എഴുതപ്പെടുന്ന കാലത്തോട് പ്രതിജ്ഞാ ബദ്ധമായിരിക്കണം. പുതിയ കാവ്യനീതികളിൽ മറ്റൊരു ഇതിഹാസക്കാഴ്ച്ച തെളിഞ്ഞു വരണം. ഷാജിയുടെ ഈ പുനർവായന അങ്ങനെയൊരു കാഴ്ച തരുമെന്നു പ്രതീക്ഷിക്കാം. പൂർണ്ണമായും രൂപപരമായ നിർമ്മിതിയിൽ ശ്രദ്ധിക്കുന്ന കൃതിയാണിത്. നാടൻ പാട്ടുകളിൽ കാണുന്ന കെട്ടു ശീലു്, ഒരുക്ക ശീല് തുടങ്ങിയ പദ്ധതികൾ പോലെ. ഭൂരിപക്ഷം കവിതകളും അവസാനിക്കുന്നത്
“ പാരായണം ചെയ്ക രാമായണം മഹാ-
നാചാര്യനേയും സ്മരിക്കണം സന്തതം “
ആചാര്യസ്മരണകൾ നിലനിർത്തിക്കൊണ്ടുതന്നെ പുതിയ കാലത്തിന്റെ യുക്തികൾ അന്വേഷിക്കാ വുന്നതേയുള്ളു. സി. എൻ ശ്രീകണ്ഠൻ നായരുടെ സാകേതവും, ലങ്കാലക്ഷ്മിയും സാറാ ജോസഫിന്റെ പുതുരാമായണ കഥകളും, ഊരുകാവൽ എന്ന നോവലും നടുക്കമുണർത്തുന്ന ഒർമ്മയായി മലായാളിയുടെ മനസ്സിൽ നിലനില്ക്കുന്നത് അങ്ങനെയൊരു അന്വേഷണ ത്തിലൂടെയാണു്. എഴുത്തച്ഛന്റെ കാവ്യ ശൈലിയെ പിന്തുടർന്നുപോകുന്ന അലൌകികമായ ഒരു കാലത്തിന്റെ ഭാഷ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഈ കാവ്യ സമഹാരത്തിലുണ്ട്.
ഒരു കവി എന്ന നിലയിൽ ഷാജി നായരമ്പലം മമതകൾ പുലർത്തുന്നത് സ്ഥലകാല സൂചനകളോടെ ആരംഭിക്കുന്ന ഖണ്ഡകാവ്യത്തോടാണു്. ഖണ്ഡകാവ്യമല്ലെങ്കില്പോലും ഗുരുദേവഗീത യിലെ ഒറ്റയൊറ്റ കവിതകൾ അങ്ങനെയൊരു സൂചന തരുന്നു. ജീവചരിത്രം, നാടകം, നോവൽ കവിത തുടങ്ങി ശ്രീനാരായണഗുരുവിനെക്കുറിച്ച് ഉണ്ടായിട്ടുള്ള എഴുത്തു മാതൃകകളെയെല്ലാം അനുസ്മരി ച്ചുകൊണ്ട് സമഗ്രത അവകാശപ്പെടുന്ന രീതിയിലാണു് ഈ കവിതകളുടെ സഞ്ചാരം. എഴുത്തുപോലെ തന്നെ പ്രധാനമാണു അവ പ്രത്യക്ഷപ്പെടുന്ന രീതിയും. കവർചിത്രം, ലേ ഔട്ട് , രേഖാചിത്രങ്ങൾ, എന്നിവ ഗുരുദേവഗീതയ്ക്ക് മറ്റൊരു മാനം നൽകുന്നു. മലയാളിയെ മനുഷ്യനാക്കിയ പത്തൊൻപത് , ഇരുപത് നൂറ്റാണ്ടുകളെക്കുറിച്ചും കേരള സംസ്കാരത്തിലെ നിർണ്ണായക സന്ദർഭങ്ങളെക്കുറിച്ചും നവോത്ഥാന പ്രവർത്തനങ്ങളെക്കുറിച്ചും സൂചിപ്പിക്കുക വഴി ചരിത്രത്തിന്റെ മുഹൂർത്തങ്ങളെ പരിഗണിക്കുവാൻ ഈ കൃതിക്കു കഴിഞ്ഞിട്ടുണ്ട്. വളരെ ഇൻഫോർമേറ്റീവ് ആയ കാവ്യമാണിത്. ഓരോ കൃതിയും അതിന്റെ പൂർവ്വപാഠങ്ങളെ ഘടനയിൽ ഉൾക്കൊള്ളുന്നു എന്ന യാഥാർത്ഥ്യം ഷാജി നായര മ്പലത്തിന്റെ കവിതകളിലൂടെ പോകുമ്പോൾ വ്യക്തമാവും.
മലയാളത്തിലെ ഏറ്റവും അധികം അടിക്കുറിപ്പുകൾ നൽകിയിട്ടുള്ള കവിയാണു വൈലോപ്പിള്ളി. സ്വന്തം കാവ്യ ശൈലിയെക്കുറിച്ച് വ്യ്കതമായ ധാരണകൾ ഉള്ളപ്പോഴും സന്ദേഹിയായിരുന്ന കവിത്വം. സ്വകാര്യബിംബങ്ങളോരോന്നും ആസ്വാദകരെ ബോധിക്കുവാനുള്ള ഒരു ശാസ്ത്രാധ്യാപകന്റെ വ്യഗ്രതകൾ, ബുദ്ധിപരമായ സത്യ സന്ധത ഇതെല്ലാം ആ അടിക്കുറിപ്പുകളിൽ നിഴലിച്ചു കാണും. ഷാജിയുടെ കവിതകളിലും അടിക്കുറിപ്പുകൾ ധാരാളമുണ്ട്. മറ്റൊരു കാലത്തിന്റെ ഭാഷയും താളവും സ്വീകരിക്കുന്നതുകൊണ്ടാകാം ഇങ്ങനെ സംഭവിക്കുന്നത്. തിരയെഴുത്തെന്നോ തിരമൊഴിയെന്നോ ഒക്കെ പറയാവുന്ന തികച്ചും സ്വതന്ത്രവും ജനാധിപത്യപരവുമായ ബ്ലോഗ് കവിതകളുടെ പ്രയോക്താവാണു ഈ കവി. എന്നിട്ടും നിലനിൽക്കാനുള്ള തന്ത്രങ്ങളൊന്നുമില്ലാതെ , ഉപാധികളില്ലാതെ എഴുതുന്നു എന്നത് പ്രത്യാശ നൽകുന്നു.

Saturday, February 21, 2015

ജപമാലയിലെ രുദ്രാക്ഷം



ജപമാലയിലെ രുദ്രാക്ഷം

ഓർമ്മയിൽക്കാത്തു സൂക്ഷിച്ചു വച്ചും
കണ്ണുനീർ തൊട്ടു മിനുക്കി വച്ചും
ഉള്ളിനളുക്കിലെപ്പട്ടുറുമാൽ
തെല്ലൊന്നഴിച്ചാർദ്രയായി ടീച്ചർ

പൊന്നിന്നലുക്കിട്ടു നൂലുകോർത്തേ
രുദ്രാക്ഷമുത്തിട്ടു മാലകെട്ടി
തൻപതിക്കായ് സ്നേഹമാല്യമായി-
ട്ടൻപോടെ ഷഷ്ടി തികച്ചനാളിൽ
അർപ്പിച്ചു ടീച്ചർ, ആ മാലയിന്നോ
തന്റെ  മാറിൽത്തന്നെ വീണു പോലും.

“നിന്റെ ഹൃത്തിൽത്തൊട്ടു നിന്നിടട്ടേ“
തന്നു പോവുമ്പോൾ പറഞ്ഞു പോലും.

“വന്നൊരെൻ സങ്കടത്തീ‍യുരുക്കം
മുന്നിൽത്തിമിർക്കുന്നിരുട്ടൊരുക്കേ,
എന്നിൽ വഴിത്താര , നേർവെളിച്ച-
പ്പൊന്നിൻ കതിർകാട്ടി നിന്നിതാരോ?“

“അന്നു തൊട്ടേ തൊട്ടിതെണ്ണിടുന്നു
ഇജ്ജപമാലയിലെന്റെ ജന്മം.“

“നിൻ ജപക്കൊന്തയിലന്യമെന്തോ
രുദ്രാക്ഷമോ കെട്ടി ഞാത്തിടുന്നൂ?
അന്യമതത്തിന്റെ ബിംബമൊട്ടും
നന്നല്ല സാത്താൻ ഗ്രസിച്ചു നിൽക്കും
ഊരിമാറ്റേണമിക്കൊന്തയെന്നായ്..”
പാരം വിഷംകൊണ്ടു ചൊന്നിതച്ചൻ

സൌമ്യ ഭാവം ചേർത്തു ടീച്ചർ ചൊല്ലി
“കർമ്മബന്ധത്തിൻ കൊളുത്തിതച്ചോ
ഇമ്മാല സാത്താന്റെ കൂടതെങ്കിൽ
നിർമ്മലമാക്കുവാനങ്ങു പോരേ?
ആശീർവദിച്ചനങ്ങനുഗ്രഹിക്ക
പൈശാചികം പാപമറ്റിടട്ടേ!
 ദൈവ, സാത്തന്മാരു സഞ്ചരിക്കും
സർവ്വ പാപങ്ങളും വെഞ്ചെരിക്കും
വെള്ളവസ്ത്രക്കയ്യുയർത്തിയച്ചൻ
എന്നെ നന്നായൊന്നനുഗ്രഹിച്ചു!“

ടീച്ചർ സ്മിതം കൊണ്ടു; “കുഞ്ഞിനേപ്പോ-
ലച്ചനാശീർവാദമേകി കുഞ്ഞേ!
ഇത്രയേ വേണ്ടൂ വൻ പോത്തിനേയും
മുട്ടുക്കുത്തിക്കുവാ“നെന്നു ചൊല്ലി.

കണ്ടു ഞാൻ ദൈവവുമപ്പിശാചും
മാഞ്ഞുപോവുന്നതും, പിന്നിലായി
വെണ്മേഘമാലയിൽ സഞ്ചരിക്കും
ഉണ്മ മാലാഖക്കരുത്തു ചിത്രം!

Thursday, January 22, 2015

കാവ്യകേളി - ഇന്ദുലേഖയ്ക്ക് ഏ ഗ്രേഡ്

കാവ്യകേളി - 
ഇന്ദുലേഖയ്ക്ക് ഏ ഗ്രേഡ്


ഇന്നലെ കോഴിക്കോട് നടന്ന സംസ്ഥാനതല കാവ്യകേളി മത്സരത്തിൽ ഇന്ദുലേഖയ്ക്ക് എ' ഗ്രേഡ് ലഭിച്ച സന്തോഷം പങ്കിടുന്നു.

മത്സരാവലോകനം:

ഭാഷാവൃത്ത നിബദ്ധമായ കവിതകളുടെ അർത്ഥപൂർണ്ണതയുള്ള എട്ടുവരികൾ വീതമാണു മത്സരാർത്ഥികൾ ചൊല്ലേണ്ടത്. അക്ഷരശുദ്ധി,കാവ്യഭംഗി, ഭാവം,വൃത്തശുദ്ധി ഇവയാണു പ്രധാനം. കവിതചൊല്ലലില്‍ മൗലികതയും അക്ഷരശുദ്ധിയും കാത്തു സൂക്ഷിച്ചത് രണ്ട് കുട്ടികള്‍ മാത്രമായിരുന്നു. എങ്കിലും പങ്കെടുത്ത എല്ലാകുട്ടികള്‍ക്കും എ‘ ഗ്രേഡ് നല്‍കി വിധികര്‍ത്താക്കള്‍ വിഷയത്തിലുള്ള തങ്ങളുടെ അവഗാഹമില്ലായ്മ വെളിവാക്കി! പലകുട്ടികളും വൃത്തങ്ങളുടെ താളമെന്നു അവര്‍ തെറ്റിദ്ധരിച്ച ചില ശൈലികളില്‍ ചൊല്ലി വാക്കുകളെയും വരികളെയും വികലമാക്കിയെങ്കിലും ജഡ്ജിമാര്‍ അതു ശ്രദ്ധിച്ചില്ല എന്നു വേണം കരുതാന്‍. ഒരു കുട്ടി ഗദ്യ കവിതാ ശകലം അവതരിപ്പിച്ചതു പോലും അവര്‍ കണ്ടെത്തിയില്ല. വാക്കുകളാണു കവിതയുടെ ജീവന്‍ എന്നും കവിത ചൊല്ലുമ്പോള്‍ അവയെ കൊല്ലരുതെന്നും കുട്ടികള്‍ക്ക് കരുതല്‍ വേണം. അതില്‍ കവി ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഭാവങ്ങള്‍ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കാനും കേൾ വിക്കാര്‍ക്കു പകര്‍ന്നു നല്‍കാനും കുട്ടികള്‍ കൂടുതല്‍ ശ്രദ്ധിക്കണം.