ചിത്രപതംഗങ്ങൾ
ചിത്രപതംഗങ്ങൾ
ചുറ്റുന്നു രണ്ടു പേ-
രൊത്തൊരുമിച്ചെന്റെ
മുറ്റത്തു കാഴ്ചയായ്
എത്തിയിന്നേതോ
മറന്നിട്ടയോർമ്മകൾ
തിക്കിത്തിരക്കിയുണർന്നേറ്റു
വന്നപോൽ
ഒക്കെയും
വെട്ടിപ്പറിച്ചു ഞാനെങ്കിലും
വിത്തുകൾ
പാകിക്കിളിർപ്പിച്ചപൂർവ്വമാം
കട്ടച്ചുവപ്പാർന്ന
സൂര്യകാന്തിച്ചെടി
നട്ടിട്ടുപൂക്കൾ
വിരീച്ചെന്റെ ഭാര്യയും!
ചുറ്റിനും
കൊച്ചുമുക്കൂറ്റിക്കുണുങ്ങുകൾ
എത്തി നോക്കുന്നു;
പുൽ മാന്തിക്കിളക്കണം
ഓണമല്ലേ
മുന്നിലെത്തുന്നു, വൈകാതെ
വേണം ,
വെടിപ്പാക്കി നിർത്താം പറമ്പിനെ.
എങ്കിലും
എൻ കണ്ണുമൂടിപ്പൊതിഞ്ഞിടും
വർത്തമാനത്തിന്റെ
കട്ടിക്കറുപ്പിലൂ-
ടെത്തിയാ
വർണ്ണച്ചിറകട്ടടിച്ചിതാ
ചിത്ര പതംഗങ്ങൾ
! ചിത്രം മനോഹരം.!
ദൂരേ വെയിൽക്കീറു
വീശി വിഭാതമി-
പ്പാരിലെ
വിസ്മയക്കാഴ്ച വരച്ചതും,
ഏറെ വൈവിധ്യം,
വിരുന്നുകാർ വേഷമി-
ട്ടൂരിലെത്താളവട്ടങ്ങൾ
ചമപ്പതും
നേരാണു
കാലം കലർപ്പിട്ടു മായ്ക്കുകിൽ
ത്തീരില്ല
തിര്യക്കൊരുക്കും വിരുന്നുകൾ!
“ എത്ര
നാളിത്തേൻ കുടിക്കാനിവർ വരും
ചിത്ര പതംഗങ്ങൾ?”
ആരാഞ്ഞിതെൻ മകൾ
“ഒട്ടുമില്ലായുസ്സൊടുങ്ങിടാനെട്ടുനാൾ“
ചെറ്റു
ദുഃഖം പൂണ്ടുരച്ചു ഞാൻ; തൽക്ഷണം
പൊട്ടിക്കരഞ്ഞവൾ “ കഷ്ടമിന്നാവുമോ
എട്ടു നാൾ
തീർത്തും തികച്ചിട്ട നാൾവഴി?”
ഞെട്ടിത്തരിച്ചുറ്റു
നോക്കി ഞാൻ ചുറ്റിലും
നൃത്തം
ചവിട്ടും പതംഗദ്വയങ്ങളെ,
കൊച്ചു
മുക്കൂറ്റിക്കുണുങ്ങിനെ, മുന്നിലെ
കത്തിത്തിളക്കുന്ന
സൂര്യനെക്കാമിച്ചു
മുഗദ്ധ
സൌന്ദര്യം വിരീക്കും സുമത്തിനെ.
എത്രനാളിങ്ങിനി,
ഇത്തിരിപ്പോരുന്ന
വെട്ടം
സ്വരൂപിച്ചുണർത്തിടും ഭൂവിനെ?
എന്നെ,യെൻ
ഹൃത്തിലെ ലോലപുടങ്ങളെ?
4 comments:
കവിത മനോഹരം
Good lyrics
നന്ദി അജിത്ത് സാർ, അനുരാജ് കുറിപ്പുകൾക്ക്. ഓണാശംസകൾ നേരുന്നു സ്നേഹത്തോടെ
"നേരാണു കാലം കലർപ്പിട്ടു മായ്ക്കുകിൽ
ത്തീരില്ല തിര്യക്കൊരുക്കും വിരുന്നുകൾ!"
മനോഹരം!!
Post a Comment