Monday, December 14, 2009

ക്ഷുദ്രഗ്രഹങ്ങള്‍ !

ചൊവ്വക്കും വ്യാഴത്തിനുമിടയില്‍ പൊട്ടിത്തെറിച്ചുപോയ ഒരു ഗ്രഹത്തിന്റെ ശകലങ്ങള്‍ സൂര്യനെ ചുറ്റുന്നു .....
ഗ്രഹരൂപം നഷ്ടപ്പെട്ടവര്‍ ...ആകൃതിയില്ലാത്തവര്‍ ....
പലപ്പോഴും വഴിവിട്ടു സഞ്ചരിച്ചെരിഞ്ഞു വീഴുന്നവര്‍ .....

ക്ഷുദ്രഗ്രഹങ്ങള്‍ !
--------------------

കാണുവിനങ്ങതാ ആകാശഗംഗയില്‍
കോടനുകോടി ജ്യോതിര്‍ഗോള സഞ്ചയം
തങ്ങളില്‍ തങ്ങളില്‍ത്താങ്ങായ് ത്തിരക്കിട്ടു
തെന്നിമാറുന്നൂ ഭ്രമണവേഗങ്ങളാല്‍ !

ഭാവനാസീമയ്ക്കു താങ്ങുവാനാവാത്ത
ജ്യോതിസ്സു ജന്മ സൌഭാഗ്യമായ് ജീവനില്‍
മങ്ങാതെ, മായാതെ പ്രോജ്വലിപ്പിച്ചു തേര്‍
താനേ തെളിച്ചു സഞ്ചാരം തുടര്‍ന്നവര്‍

കാണുവിനങ്ങതാ ദ്യോവിലെ ഗംഗയില്‍
ചേണുറ്റ ജീവന്‍ തുടിപ്പിച്ച സൂര്യനെ
ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു രഥ്യകള്‍
രാപ്പകല്‍ നേടിച്ചരിയ്ക്കും ഗ്രഹങ്ങളായ് ....

തെറ്റില്ല പാതകള്‍ വ്യക്തം വ്യതിചലി-
ച്ചറ്റുപോകാത്ത പരിക്രമണം സ്സദാ.

ഏതോ വിദൂരമാം ഭൂതകാലത്തിന്റെ
യേടുകളാവാം , നിഷേധസ്വരം തീര്ത്തു
വൃത്തത്തിലെന്നും ചരിയ്ക്കുന്ന പാതകള്‍
തെറ്റിച്ചുവോ ഹന്ത! പാവമൊരു ഗ്രഹം ?
വേറിട്ട വേഗങ്ങള്‍ , വേരറ്റ ചിന്തകള്‍
വെട്ടിപ്പിടിക്കുവാനാകശമാര്ഗ്ഗങ്ങള്‍
താനേ വളര്ന്നെന്നഹങ്കരിച്ചൂ സ്വയം
ക്ഷുദ്രഗ്രഹങ്ങളായ് മാറിയിന്നാ ഗ്രഹം .

ചെങ്കല്‍ ച്ചുവപ്പാര്‍ന്ന ചൊവ്വതന്‍ ചാരെ-
യാ ചീളുകള്‍ തിങ്ങിപ്പറക്കുന്നു കാണുക,
വേറിട്ടു പോകുവാനാവാതെ ശക്തനാം
സൂര്യന്‍ വരക്കുന്ന വട്ടം വിടാതെയും .

പിന്നീടു കാലം കഴിഞ്ഞു യുഗങ്ങളായ്
തെന്നി മാറുന്നുണ്ടു ക്ഷുദ്രഗ്രഹങ്ങളും
നീളുന്ന കാലം ഘനീഭവിച്ചിന്നു പാഴ്-
ച്ചിന്തകള്‍ വീണ്ടും നുരഞ്ഞു പൊങ്ങീടവേ


*********

ഭ്രമണം ഭാരമിതുയരാന്‍ വേഗം
ഗതി മാറ്റുകനാം സര്‍വ്വ സ്വതന്ത്രര്‍
ആകൃതിയില്ലാതഗ്നിസ്ഫുലിംഗ മ-
ഹാവേഗങ്ങളടങ്ങാക്കലികള്‍
ആകാരത്തിനു ചാരുതയെന്തിനു
തേരു തെളിയ്ക്കാനെതിനു വെട്ടം ,
സൂര്യ വെളിച്ചം ? പൈതൃക വാഴ്ചക-
ളാകും വേണ്ടിനി ഭ്രമണം ഭാരം .

ശൂന്യാകാശപ്പെരുവഴിയോരത്താ-
ദിയുമന്ത്യവുമറിയാ, ഭാവന-
ശൂന്യത ശീലമതാക്കിയ ഭാവം
തേടുവതെന്തോ ? നോക്കുക ദ്യോവില്‍ .
സ്വന്തം വേരുകള്‍ തോണ്ടി, പരിക്രമ-
മാകെയുടച്ചു തെറിച്ചോ, കാട്ടിയ
ദുസ്സ്വാതന്ത്ര്യക്കെടുതിയൊടുക്കം
ക്ഷുദ്രഗ്രഹാന്ത്യം , ഉല്ക്ക നിപാതം !

Saturday, November 1, 2008

മലയാണ്മ

സര്‍വ്വാലങ്കാര രൂപേ, യതിമധുരവിലോലാംഗ മുഗ്ദേ നമസ്തേ-
യിവ്വണ്ണം സൌകുമാര്യം തരുമൊരഴകു തീര്‍ത്തേതു ഭാഷയ്ക്കു മുത്തേ !
മുവ്വര്‍ പണ്ടേ പകര്‍ ന്നൂ, ജ്വലിതമനുപദം ഭക്തി ഭാവം സ്ഫുടം ചെയ്-
തേവം കാവ്യ പ്രപഞ്ചം , കമനികവിതവെണ്‍ ചന്ദന സ്പര്‍ ശമേറ്റൂ.

കാലം ചേലറ്റു നില്‍ക്കേ, മലയജ യിവളെസ്സാന്ത്വനസ്പര്‍ശമേറ്റാന്‍
ഫുല്ലോസ്മേരം പൊഴിച്ചൂ കവികള,വരുമേ മൂവരാണഗ്ര ഗണ്യര്‍
ചന്തം ചാലിച്ചു പിമ്പേ , ചല കിസലരവം പോലെയാവിര്‍ഭവിച്ചി-
ട്ടെന്നും ചുണ്ടില്‍ ച്ചുരത്തും കളമൊഴികവിതക്കേകി, കാതോര്‍ത്തു കാലം

ചെന്തീ ചോപ്പാര്‍ന്നുമാനം, ഘന കലുഷിതമാം കൂരിരുള്‍ ചെറ്റു നീക്കി-
സ്പന്ദിയ്ക്കും നവ്യലോകപ്പൊരുളിനു ചെവിയൊര്‍ത്തോരു കാലം ജനിക്കേ
സ്വന്തം ചിന്താശതങ്ങള്‍ക്കിരുചിറകുകളേറ്റിച്ചുവപ്പിച്ചു മൂവര്‍ -
വീണ്ടും കാവ്യപ്രപഞ്ചം രണമുഖരിതശംഖാരവങ്ങള്‍ മുഴക്കീ

പിന്നീടെന്നോ കൊഴിഞ്ഞൂകവിത, വിതയെഴാക്കൊയ്ത്തുകാലം,വിതയ്ക്കാ
യെന്നും ഗദ്യപ്രവാഹം കവികളൊരുപിടി ക്കാവ്യമോ കഷ്ടി , കഷ്ടം
സന്ദേഹം വേണ്ട തെല്ലും സകലകലകളും സഞ്ചരിയ്ക്കും , ധരിയ്ക്കൂ-
യെന്നും നിത്യ സ്വരൂപം തരുമൊരഴകു മേന്‍ മേല്‍ ജയിക്കും