Monday, December 31, 2012

എങ്ങനെയെന്റെ സോദരാ....

എങ്ങനെയെന്റെ സോദരാ....


എങ്ങനെയെന്റെ സോദരാ നിങ്ങള്‍ക്കു
മഗളാശംസയിന്നു നല്‍കീടുവാന്‍?
തങ്ങിനില്‍ക്കുന്ന  നോവാലുഷസ്സിതാ
ഉണ്മയറ്റും, മുനിഞ്ഞും  പിറക്കയാം.

പിന്നിലാരോ പിടയ്ക്കുന്ന കേട്ടുവോ?
മണ്ണിലെന്തോ മുറിപ്പാട്, രക്തമോ?
കണ്ണിലമ്പേറ്റു വീഴുന്നിണക്കിളി-
പ്പെണ്ണു കേഴുന്നൊരൊച്ചയോ, തേങ്ങലോ?
കൂരിരുട്ടിന്‍ നടുക്കടല്‍ താണ്ടുവാ-
നാരെ ഞാനിന്നു കൂട്ടിനായ് ക്കൂട്ടുവാന്‍?
വെണ്മയൂഖങ്ങള്‍ മങ്ങും നിഴല്പ്പാടി-
തെങ്ങനെ മായ്ചു നീക്കുവാനീശ്വരാ.

എങ്ങനെയെന്റെ സോദരാ നിങ്ങള്‍ക്കു
മംഗളശംസയിന്നു നല്‍കീടുവാന്‍?
ചങ്കിലെന്തോ തറക്കവേ,യിങ്ങനെ
സങ്കടാശംസയേകാം ക്ഷമിക്കുക!

Friday, December 21, 2012

മാമ്പഴം

മാമ്പഴം

(നാളെ മഹാകവി വൈലോപ്പിള്ളിയുടെ ചരമദിനം......
ജന്മ ശദാബ്ദി സമാപന സമ്മേളനം
കേരള സാഹിത്യ അക്കാദമി ഹാളിൽ......
ഒരു ഓർമ്മക്കുറിപ്പ് )


അങ്കണത്തൈമാവിലെപ്പൂങ്കുല പൊലിപ്പിച്ച
കങ്കണധ്വനികളില്‍, ഝില്‍ ഝിലങ്ങളില്‍, പണ്ടു
കൈരളി തുടിച്ചതും കാവ്യകല്പകം ചിരം
തൈജസ കരാംഗുലീ സ്പര്‍ശമേറ്റുണര്‍ന്നതും,
ചാരുസുസ്മിതം തൂകും മാങ്കനിയണിഞ്ഞതും,
സാരസാഗരക്കാവ്യത്തേന്മഴ പൊഴിഞ്ഞതും....

ഓര്‍ത്തു നോക്കവേ, കാലം കാത്തു വച്ചൊരാച്ചിമിഴ് -
ച്ചെപ്പുകള്‍ തുറക്കുവാനോമനിക്കുവാന്‍ , കാട്ടു-
പുല്ലുകള്‍ തുടിപ്പിക്കും സ്നേഹരാഗങ്ങള്‍ മൂളാന്‍
പേര്‍ത്തൊരാള്‍ വന്നോ? വീണ്ടും മാമ്പഴം പൊഴിഞ്ഞുവോ?

ഓര്‍ത്തു നോക്കട്ടേ വീണ്ടും, കൈരളിയണിഞ്ഞൊരാ
സര്‍ഗ്ഗചേതസാം വെള്ളിക്കൊലുസിന്‍ കിലുക്കവും,
മേഘമാര്‍ഗ്ഗത്തില്‍ മഹാ ദീപ്തികള്‍ തെളിഞ്ഞതും
മാനുഷ കഥാഗാനവര്‍ഷമിങ്ങണഞ്ഞതും!

Saturday, December 15, 2012

കാതും കൊട്ടിയടച്ചൊരു പെൺകുട്ടി


കാതും കൊട്ടിയടച്ചൊരു

പെൺകുട്ടി

ഏതൊരു തിരക്കിലും കണ്ടിടാമിവൾ, ബസ്സിൽ-
ക്കാതുകളട,ച്ചിയർ ഫോണുമായിരുന്നിടും .
ഭാവ,മെപ്പൊഴും തനി ജീനിയസ് , ജനിച്ചതേ
കാതടച്ചിരിക്കുവാ,നെന്നു തോന്നിടും വണ്ണം
കേൾവിയിൽ മുഴങ്ങുന്ന ഗാനവീചിയിൽ  മറ-
ന്നേതുമേ ശ്രവിക്കാതെ കാതടച്ചിരുപ്പവൾ!

ചാരെ നില്പവർ വെറും തൃണങ്ങൾ, സമൂഹത്തെ
നീരസം സ്വരൂപിച്ചു കാണുവാൻ പഠിച്ചവൾ,
ചുറ്റുമായ് ത്തുടിക്കുന്ന ജീവ താളങ്ങൾ, തനി-
ക്കാഴ്ച്ചകൾ, സഹജീവ ദുഃഖ സാഗരങ്ങളും
ഒട്ടുമേ മനം നൊന്തു തൊട്ടു നോക്കീടാത്തവൾ;
ഒച്ച വച്ചിടും പച്ച ജീവ യഥാർത്ഥ്യങ്ങളെ
കേട്ടു കാണുമോ ആവോ? കേൾവിയിൽ നിന്നൊക്കയും
വിട്ടു നിൽക്കുവാൻ  വശം വന്നുപോയവൾ സദാ.

മറ്റൊരു മണിപ്പൂരി പെൺകൊടി, മനോഹരി
കത്തിയ കെടാവിളക്കുന്മിഷിത് നാരീമുഖം.
മെത്തിന തപം ചെയ്തു ദീപ്തി,യുജ്ജ്വലിപ്പിച്ചു
നില്പു ശർമ്മിളാ ചാനു, അപ്രമേയമാം സത്യം.

പാരിലെ വെളിച്ചത്തെ കാത്തുവച്ചിടാൻ ചിലർ
ജീവിതം ജ്വലിപ്പിച്ചു ചൂട്ടുകറ്റയായ് നീറ്റും
കത്തുമാക്കനൽച്ചീളിന്നിറ്റു വെട്ടമോ പൊങ്ങി,
മുറ്റിടു,ന്നിരുൾക്കെട്ടിൻ തേരു തച്ചുടയ്ക്കുന്നു

കേട്ടു കാണുമോ പ്രിയ ശർമ്മിളേ, നിന്നെക്കുറി,-
ച്ചെപ്പൊഴെങ്കിലു,മിവൾ കണ്ണുകള്‍ തുറക്കുമോ ?

Thursday, December 13, 2012

ഒരു യാത്രയുടെ അവസാനം

.
ഒരു യാത്രയുടെ
 അവസാനം


ഉറ്റവർ ചിലർ തന്റെ
        ലക്ഷ്യ,മൊക്കെ വേറിട്ടു

 സ്വേച്ഛരാ,യഗമ്യരാ,-
        യന്യരാകവേ ഗുരു
ചിത്ര!മാ മഹായാന-
        മറ്റ,മെത്തിടാതൊരു
യാത്ര* പോയി പോൽ തമിഴ് -
       നാട്ടിലും സിലോണിലും.
അന്നിതാ വ്യഥാപൂർവ്വം
       ചിന്തകൾ പുറത്തെടു-
ത്തമ്മനം വിതുമ്പി പോ-
       ലിങ്ങനെ സഹിയാതെ.

"ഇല്ലിനി മടങ്ങുവാൻ
       കേരളം മടുത്തു ഞാൻ
വല്ലപാടു,മിത്തമിഴ്-
      രാജ്യത്തു കഴിഞ്ഞിടാം.
സ്നേഹമുണ്ടിവർക്കുള്ളിൽ,
     സ്വാർത്ഥരല്ലിവർ, ലോഭ
മൂർത്തരായ് ചിലർ നാട്ടി-
     ലുണ്ടു; ഞാൻ മടങ്ങില്ല."

ശക്ത,മീദൃശം ഗുരു
    തപ്തനായ് ശപിച്ചതിൻ
മാറ്റൊലി ദിനം പ്രതി
    രൂക്ഷമാകയോ നാളിൽ?

ക്രിസ്തുവും, മഹാത്മാവും,
     വ്യാസനും കരഞ്ഞ പോൽ
മറ്റൊരു മഹാഗുരു
     ദുഃഖ പൂർവ്വകം; വ്യഥാ-
പീഡയീമട്ടിൽ മന-
     സ്സാകവേ തളർത്തിടേ,
സങ്കടങ്ങളെത്തന്റെ-
     ഹൃത്തിലേക്കമർത്തവേ,
ഏറ്റെടുത്തുവോ, മഹാ-
     രോഗബാധിതം നാടിൻ
ദുഷ്ടുകൾ, സ്വയം തന്റെ
     ദേഹിയിൽ ദഹിപ്പിക്കാൻ!

ഹാ! ദയാസമുദ്ര,മാ-
    യാകുലം മടങ്ങി വ-
ന്നാർദ്രമാ മനം വീണ്ടും
    തേ
രുരുൾ തെളിച്ചുപോൽ.

സൂര്യനസ്തമിക്കുവാൻ
    നേരമാകവേ പാരം
കൂരിരുൾ പടർത്തിയോ
    നന്ദി കെട്ടവർ നമ്മൾ?


-------------------------------------
* നാരായണഗുരു സ്ഥാപിച്ച എസ എന്‍ ഡി പി യോഗവും 
ശ്രീ നാരായണ ധര്‍മ്മ സംഘമെന്ന സന്യാസി സംഘവും 
നല്‍കിയ മാനസിക വിഷമം മൂലമാണു
അവസാനകാലത്തും അദ്ദേഹം ഈ  ദീര്ഘയാത്ര നടത്തിയത്

Thursday, November 29, 2012

കൂടെ സഞ്ചരിക്കുന്നവരെ തിരിച്ചറിയാതിരിക്കരുത്

കൂടെ സഞ്ചരിക്കുന്നവരെ
             തിരിച്ചറിയാതിരിക്കരുത്.....

(അടുത്തയിടെ കേരളത്തിലെ ഒരു പ്രമുഖ കവിയെ കുട്ടികൾക്കായുള്ള 
സാഹിത്യ ശില്പശാലയിൽ ക്ഷണിച്ചു വരുത്തി പ്രസംഗിപ്പിച്ചു. 
കൊണ്ടു വരുന്നതിനും തിരിച്ചെത്തിക്കുന്നതിനും ഒരു കാറും ഏർപ്പെടുത്തി. 
പക്ഷെ തിരിച്ചു പോയപ്പോൾ മറ്റു രണ്ടു പ്രാസംഗികരെ കൂടി
ആ കാറിൽ കയറ്റി വിട്ടിരുന്നു. അതദ്ദേഹത്തിനിഷ്ടമായില്ല. അവരിറങ്ങി-

 പ്പോകുന്നതു വരെ രണ്ടു മനുഷ്യ ജീവികളെന്ന പരിഗണനപോലുമില്ലാതെ 
ഈ സാഹിത്യ കാരനിൽ നിന്നവർക്കു ശകാരം കിട്ടി. തനിക്കായി
 ഏർപ്പെടുത്തിയ വാഹനത്തിൽ കയറിയതിനു്.
കൂടെ യാത്ര ചെയ്യുന്നവരെ ഇങ്ങനെ തിരിച്ചറിയാതിരിക്കാമോ....?
)


കടത്തു തോണിയിലൊഴുക്കിലങ്ങനെ
കുതിച്ചു പായുകയാണേ
ഇടക്കൊരാളെയുമെടുത്തിടാതെയു-
മൊഴുക്കു കാക്കുക തോണീ.

കരയ്ക്കു നിൽപ്പവരടുത്തു കൂടു, മി-
തിടയ്ക്കു നിർത്തരുതൊട്ടും
നടുക്കു പാൽക്കടലമൃതമുണ്ടതി-
ലെനിക്കടുക്കണമാദ്യം...!

കഷ്ടം  കണ്ണടവച്ചിടാത്ത ചിലരാ-
          ത്തോണിക്കു കൂട്ടായിടാൻ
തീർത്തും പ്രൗഢത മുറ്റിടുന്ന,യിരുപേ-
           രെക്കൂട്ടി വിട്ടാശ്രയം
തെറ്റിപ്പോയതുണർത്തിവിട്ടു പെരുതാം
           ധാർഷ്ട്യക്കൊടും കാറ്റതിൽ
പ്പൊട്ടിപ്പോയൊരു പാഴ്മരം, പഴമരം
            പോലാടി നിൽക്കുന്നിതാ.

എത്താനൊത്തിരി ബാക്കിയുണ്ടിതിനിയും;
         കൈത്താങ്ങിനായെത്തിടാം
ഏറ്റം മണ്ണിലമർന്നു പോയ തൃണവും
         കല്ലും കരിക്കട്ടയും
പൊട്ടിച്ചേതു മെറിഞ്ഞിടൊല്ല, കടവിൽ-
        ക്കാക്കുന്നവർക്കൊക്കെ മേൽ
തീർത്തും കണ്ണടവച്ചിടായ്ക,യവരെ-
         ക്കണ്ടാലറിഞ്ഞീടുക.

Sunday, October 28, 2012

സ്നേഹപൂര്‍വ്വം സാനുമാഷിനു്‌

സ്നേഹപൂര്‍വ്വം
 സാനുമാഷിനു്‌

ഇന്നു കണ്ടു ഞാന്‍ പത്രത്തിലെത്രയും
സുന്ദരം തവ ചിത്രവും ചിന്തയും.
പൂര്‍ണ്ണ  ചന്ദ്രോദയം പോല്‍ തിളക്കമോ-
ടാഴ്ന്നിറങ്ങും നിലാ,വുജ്ജ്വലിക്കയാം.

ആയിരം പൂര്‍ണ്ണ ചന്ദ്രാഭിഷിക്തനായ് *
ദ്യോവില്‍ നില്‍ക്കവേ താഴെ മണ്‍പറ്റിടും
പൂവിലും കാട്ടുപുല്ലിലും കല്ലിലും
കണ്ണയ്ക്കാന്‍, കരം കോര്‍ക്കുവാന്‍ കൊതി!

നന്മ നാടിന്നു കാത്തു വച്ചീടുവാന്‍
വന്നതാവാം, മൊഴിഞ്ഞിട്ട,തൊക്കെയും
ഉണ്മ തൊട്ടിട്ട ചന്ദനക്കൂട്ടുപോല്‍
മിന്നിടും കാല കാലാന്തരങ്ങളില്‍.

അങ്ങു നീട്ടുന്ന നീരാജനങ്ങളാല്‍
മങ്ങി മായട്ടെ നാളിന്‍ പരിക്കുകള്‍
നല്ല നാളേക്ക് നീട്ടിത്തെളിക്കുവാന്‍
തെല്ലു ഞങ്ങളും കണ്ണില്പകര്‍ത്തിടാം.

നന്ദി ചൊല്ലുന്നു, കൈരളിക്കേകിയാ
വെണ്‍കുളിര്‍സ്പര്‍ശ,മായിരം ചന്ദികാ-
സന്നിഭം സപ്തസിന്ധു,വായാഴിയായ്
മണ്ണി,ലോളങ്ങള്‍ തീര്‍ക്കട്ടെ,യെന്നുമേ.

----------------------------------------------------------------------------
*സാനുമാഷ് ശതാഭിഷിക്തനായിരിക്കുന്നു
എന്ന വാര്‍ത്ത ഇന്നു ദേശാഭിമാനിയില്‍

Wednesday, October 3, 2012

ഇവിടെ കയറി വരുന്നവര്‍ അറിയുന്നതിനു്‌

ഇവിടെ കയറി വരുന്നവര്‍ അറിയുന്നതിനു്‌

ബ്ലോഗിലെഴുതിയതും അല്ലാത്തതുമായ അറുപതോളം കവിതകള്‍ സമാഹരിച്ച് ഒരു പുസ്തകം അച്ചടിക്കുവാന്‍ ഉദ്യമിക്കുന്നു. മാലയാള ശീലിലും സംസ്കൃത വൃത്തങ്ങളിലുമെഴുതിയ ഈ കാവ്യ സമാഹാരത്തിനു കെട്ടിമുറുക്കിയ അക്ഷരക്കമ്പികള്‍ എന്നാണു തല്‍ക്കാലം മനസ്സില്‍ നല്‍കിയിരിക്കുന്ന പേരു്‌. ഇത് എന്റെ വക മൂന്നാമത്തെ പുസ്തകമാണു്‌ . അതോടൊപ്പം  ശ്രീ നാരായണ ഗുരുവിന്റെ ജീവ ചൈതന്യം ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കുന്ന ദേവഗീത എന്നൊരു കാവ്യ സമാഹാരവും ഉണ്ടാവും. 

ആയതിന്റെ   മുന്നൊരുക്കമായി പുസ്തകങ്ങളില്‍ച്ചേര്‍ക്കുവാനുദ്ദേശിക്കുന്ന കവിതകളെല്ലാം ബ്ലോഗില്‍ നിന്നു മാറ്റി കരടാക്കി ഫയല്‍ ചെയ്തു!

 വായിച്ചു്‌ അഭിപ്രായമറിയച്ച എല്ലാവര്‍ക്കും നന്ദി


ഷാജി നായരമ്പലം