Friday, June 10, 2011

പ്രവേശനോത്സവം

തുള്ളിക്കൊരുകുടമായി വരുന്നൂ
വെള്ളിടിവെട്ടി വിരുന്നുമഴ!
ഉള്ളില്‍പ്പലപല കുതുകം പേറി-
പ്പിള്ളേര്‍ കലപില കൂട്ടിടവേ
പള്ളിക്കൂടമുണര്‍ന്നൂ, പുലരൊളി
മങ്ങിയിരുണ്ടുവരുന്നു മഴ!

കൊമ്പുകള്‍ കുഴല്‍ വിളി കേള്‍ക്കുന്നോ,
തുടി,തമ്പോറുകള്‍, തുകില്‍ കൊട്ടുന്നോ,
വന്‍പെഴുമാഴികള്‍ തീര്‍ക്കുന്നോ
മഴ തുമ്പികണക്കു തിമിര്‍ക്കുന്നോ?

ഇന്നലെവരെ മൈതാനമുറങ്ങി,യ-
മര്‍ന്നു കിടന്ന കിനാവുകളില്‍
മന്നിനെ മധുരപ്പൊന്നമൃതൂട്ടും
കുഞ്ഞിക്കാലടി പദ പതനം,
കിന്നാരങ്ങള്‍ക്കിടയില്‍ച്ചിതറിയ
തമ്മിലടി,പ്പല സുല്ലിടലും,
കേട്ടുകിടന്നു രസി,ച്ചവര്‍ വീണ്ടും
കെട്ടിയൊരുങ്ങി വരും വരവില്‍
ഞെട്ടിയുണര്‍ന്നു; തിമിര്‍ക്കും പെരുമഴ
തട്ടിയുണര്‍ത്തി വരുന്നു മഴ!

സങ്കടമമ്മ മറയ്ക്കുന്നൂ,
നറു നൊമ്പരമോടെ ചിരിക്കുന്നു
കുഞ്ഞിനു ചുംബനമേകുന്നൂ
വിടചൊല്ലി മറഞ്ഞവള്‍ നില്‍ക്കുന്നു!
ഗദ്ഗദമുള്ളിലടങ്ങാതാ-
കു,ഞ്ഞമ്മയെ നോക്കിപ്പായുന്നൂ
പിമ്പേ പിഞ്ചുമുഖം തടവു,-
ന്നൊരു പുഞ്ചിരി സാന്ത്വനമാവുന്നു.


നിര്‍മ്മല ഭാവന മൊട്ടിടുവാ,നതി-
വര്‍ണ മനോഹര പൂവിടരാന്‍
ഉത്സവ മേളമൊരുക്കുന്നൂ, മഴ-
യല്‍ഭുത,മായറിവായി മഴ!

3 comments:

മുകിൽ said...

mazhakulla thudikottu nannayi.

Lipi Ranju said...

നല്ല കവിത, ഈണമുള്ള വരികള്‍...

ഷാജി നായരമ്പലം said...

എട്ടാം ക്ലാസില്‍ പഠിക്കുന്ന മകളുടെ കൂടെ പ്രവേശനോത്സവത്തില്‍ സംബന്ധിക്കുവാന്‍
ഞാന്‍ പഠിച്ച സ്കൂളില്‍ പോയിരുന്നു, ജൂണ്‍ ഒന്നിനു്.
അന്നു വന്നു വീണതാണീ കവിത. മഴയും.....!