Friday, June 22, 2012

കൈരളി..!

കൈരളി..!


അക്ഷരഗംഗയിലല്‍പനാളാ,യെന്റെ
വാക്കുകള്‍ മുക്കിത്തുടച്ചിടുന്നൂ
അപ്രമാദം പൊറുത്തക്ഷരങ്ങള്‍ നാവി-
ലിറ്റു തേനിറ്റിച്ചു വീഴ്ത്തിയാരോ!
വാക്കുകള്‍ തെറ്റാ‍തെ നോക്കുന്നിടത്തൊക്കെ-
യൊത്തപോല്‍ ചേര്‍ത്തുറപ്പിച്ചു വയ്ക്കാന്‍
മുറ്റും കൃപാവരം തന്നു താന്‍ പോന്നതായ്
പെറ്റമ്മയെന്നെ വളര്‍ത്തിയെന്നോ!

ആദ്യാക്ഷരം ചേര്‍ത്തു കൈവിരല്‍ത്തുമ്പിലാ-
യാദ്യമായാരോ പകര്‍ന്നു തന്നൂ
അമ്മയെന്നക്ഷരപ്പൂവിന്റെ യാര്‍ദ്രമാ-
മുണ്മയെച്ചേലില്‍പ്പതിച്ചു വച്ചൂ
തേനും വയമ്പും പുരട്ടി പൊന്‍ തൂവലാ-
ലാനയിപ്പിച്ച പയോധി മുന്നില്‍
ജാലകക്കാഴ്ച്ചയായക്ഷരപ്പാല്‍ക്കടല്‍-
ത്താളമേളങ്ങള്‍ പടുത്തു തന്നൂ.

ഓമനത്തിങ്കള്‍ക്കിടാവും, മടുക്കാതെ
തേന്മധു തേടി നടന്ന വണ്ടും
ദ്യോവിലേക്കെന്തിനോ പൊങ്ങിപ്പറക്കുന്ന
പൂവും വരച്ച വരപ്രസാദം,
കോരിക്കുടിച്ചു ഞാനീസ്നിഗ്ദ്ധ തീരത്തു
തീരേ നിനച്ചിടാതെത്തി നില്‍ക്കേ,
പാരം നമിക്കുന്നു, കൈരളിക്കാകുന്ന
കാല്‍ച്ചിലമ്പിന്‍ ഝിലം തീര്‍ത്തിടാം ഞാന്‍!
--------------------------------------------------------------------------------
 (ജില്ലാ സാക്ഷരതാ  മിഷന്‍   നടത്തിയ 
ഒരു രചനാ മല്‍സരത്തില്‍ ഈ കവിതക്ക് ഒന്നാം സ്ഥാനം 
 നല്‍കിയ സന്തോഷം കൂടി പങ്കിടുന്നു )

Thursday, February 23, 2012

സര്‍ഗ്ഗസംവാദം

സര്‍ഗ്ഗസംവാദം

"രാമായണവും രാമയണക്കാഴ്ച്ചകളും" എന്ന വിഷയത്തില്‍ ഒരു
സര്‍ഗ്ഗസംവാദം ഫെ  19 നു എന്റെ നാട്ടില്‍ വച്ചു നടത്തി.
നായരമ്പലം ആസ്ഥാനമാക്കി രൂപപ്പെട്ടിട്ടുള്ള
 സര്‍ഗ്ഗവേദി എന്ന സാഹിത്യ ആസ്വാദകരുടെ കൂട്ടായ്മമയാണു
ഇതു സംഘടിപ്പിച്ചത്. ഡോ. ഷിബു ബാലകൃഷ്ണന്‍ (WHO)
ആയിരുന്നു മോഡറേറ്റര്‍ . ഡോ. കെ കെ ഉസ്മാന്‍
ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും രാമായാണ ഇതിഹാസം
എങ്ങനെ മറ്റുരാജ്യങ്ങളിലേക്ക് വ്യാപരിച്ചിരിക്കുന്നു എന്ന
വിഷയത്തില്‍ പ്രൗഢഗംഭീരമായ ഒരു പ്രബന്ധം
അവതരിപ്പിക്കുകയും  ചെയ്തു. വിഷയാവതരണം നടത്തിയ
എം കെ പവിത്രന്‍ രാമായണക്കഴ്ച്ചകള്‍ എന്ന  കാവ്യ
സമാഹാരത്തിലെ അഹല്യ, താടക, സീത എന്നീ സ്ത്രീ
കഥാപാത്രങ്ങളിലൂടെ പടര്‍ന്നു കയറി രാമായണ ഇതിഹാ-
സത്തെക്കുറിച്ചു പണ്ഡിതോചിതമായ പ്രഭാണം നടത്തി.
ശ്രീ വി എസ് രവീന്ദ്ര നാഥ്, റ്റി എം സുകുമാരപിള്ള, ധര്‍മ്മന്‍
തച്ചങ്ങാട്ട്,എം ആര്‍ വിസ്വനാഥന്‍ ,എന്നിവര്‍ ഉചിതമായ
അവലോകനങ്ങള്‍ അവതരിപ്പിച്ചു. ഡോ. ഷിബു ബാലകൃഷ്ണന്‍
 നടത്തിയ  ചര്‍ച്ചയുടെ പരിപക്വമായ നിയന്ത്രണവും
കാവ്യ സമാഹരത്തിന്റെ അവലോകനവും ചടങ്ങ് ദീപ്തവും
 സമ്പന്നവുമാക്കി. കവി അവലോകനത്തിനു മറുപടിയും,
അമ്മിണി ടീച്ചര്‍ നന്ദിയും പറഞ്ഞു.

കവിയുടെ മറുപടി താഴെ നല്‍കുന്നു
.
രാമായണക്കാഴ്ച്ചകള്‍
അവലോകനത്തിനു മറുപടി

ഇതിഹാസമൊന്നും പഠിക്കാതെ ഞാന്‍ വൃഥാ
കഥയിലെക്കാഴ്ച്കകള്‍ കണ്ടുനില്‍ക്കേ
പറയുവാന്‍ വയ്യ,യെന്‍ വിരല്‍തൊട്ട കയ്യുകള്‍
ചടുലമായ് താളം ചമച്ചു തന്നോ?
മധുരമീ പൈങ്കിളിപ്പാട്ടിലെത്തേങ്ങലും
കദന പര്‍വ്വങ്ങളും കണ്‍നിറച്ചോ?
മൃദുലമായ്ച്ചൊല്ലിയോരീരടിക്കുള്ളിലും
നിറയുന്ന മൗനങ്ങള്‍ പങ്കുവച്ചോ?

ഒരുപാടു ചൊല്ലുവാനറിയുന്ന കവിയുടെ
വിരലുകളെന്തോ മറച്ചുവെന്നോ,
ചതുരമീക്കാവ്യം ചമയ്ക്കുമ്പൊഴാമന-
സ്സറിയാതെ പൊട്ടിക്കരഞ്ഞുവെന്നോ...!
കവി ക്രാന്തദര്‍ശിയാണറിയുന്നു, അറിയാതെ,
പറയാതെയൊന്നും മറച്ചതില്ല,
തുടരുന്നു യാനമീ കാലചക്രത്തിന്റെ-
യിടറാത്ത താളവട്ടങ്ങളാലേ.

ഇതുമെന്റെ യാനം! വിതച്ചിടും വിത്തുകള്‍
പടുമുളപൊട്ടിപ്പൊടിച്ചുവെന്നോ;
നിറയുന്നു മാനസം, ഹൃദയപൂര്‍വ്വം നന്ദി
പറയുന്നു, പതിരുകള്‍ തല്ലിനീക്കാം.
പതിരെഴാ വാക്കിനാലിനിയും കുറച്ചിടെ
വിതയിട്ടു വെള്ളം തളിച്ചു നോക്കാം.

സ്നേഹ പൂര്‍വ്വം

ഷാജി നായരമ്പലം

Friday, February 10, 2012

സാനു മാഷില്‍ നിന്നൊരു കുറിപ്പ്

സാനു മാഷില്‍ നിന്നൊരു കുറിപ്പ്

 എം കെ സാനു. 4 - 2- 2012

    പ്രിയപ്പെട്ട ഷാജിയ്ക്ക്,

    സ്നേഹപൂര്‍ വ്വം അയച്ച പുസ്തകങ്ങള്‍ രണ്ടും ഇപ്പോള്‍ കിട്ടി. ഏതാനും കവിതകള്‍ ഓടിച്ചു വായിച്ചു നോക്കി.'പതിരെഴാ വാക്കുകള്‍ ഇഴകളാക്കിതീര്‍ത്തു്‌, കാലം ചമച്ച വെണ്‍പട്ടമായ് 'കവിതയെ ഉയരങ്ങളിലേക്ക് ഉയര്‍ത്തുക എന്ന കാവ്യാദര്‍ശമാണു്‌ ഷാജി കൈക്കൊണ്ടിട്ടുള്ളതെന്നു കാണുന്നതില്‍ സന്തോഷിക്കുന്നു. അതിനനുസരണമായാണു്‌ ഷാജിയുടെ കവിതകള്‍ രൂപം പ്രാപിച്ചിട്ടുള്ളത്. 'രാമായണക്കാഴ്ചകള്‍' ഷാജിയുടെ മൗലികവീക്ഷണത്തിനും സര്‍ഗ്ഗാത്മകതയ്ക്കും തെളിവാണു്‌. താടകയും ഊര്‍മ്മിളയും എന്നെ ഏറെ സ്പര്‍ശിച്ചു. (മറ്റുള്ളവ വായിച്ചിട്ടില്ല).രാമയണാനുഭവത്തിന്റെ വ്യത്യസ്തമായ ഒരു തലമാണു്‌ ഷാജി സൃഷ്ടിച്ചിരിക്കുന്നത്. എന്റെ അഭിനന്ദനം സ്വീകരിക്കുക. നിരന്തരമായ വായനയുടെയും ധ്യാനത്തിന്റെയും പിന്‍ബലത്തോടുകൂടി കാവ്യ രചന തുടര്‍ന്നാല്‍ ഷാജിയ്ക്ക് വിലപ്പെട്ട സംഭാവനകളാല്‍ മലയാള കവിതയെ സമ്പന്നമാക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ എനിക്കു സംശയമില്ല.
    ചില കവിതകള്‍ വായിച്ച ചൂടോടെയാണു്‌ ഇതെഴുതുന്നത്. ഈ കടമ പിന്നെയാകാമെന്നു വച്ചാല്‍ മറവിയിലാണ്ടു പോയെന്നു വരും. തല്‍ക്കാലം രണ്ടുമൂന്നു കാര്‍ഡുകളേ കൈയിലുള്ളു. തിരക്കുകള്‍ വീര്‍പ്പുമുട്ടിക്കുന്നതു മൂലം നീട്ടി എഴുതാന്‍ കഴിയുന്നുമില്ല. ഷാജിയ്ക്ക് സുഖമെന്നു വിശ്വസിക്കുന്നു.ശുഭപ്രതീക്ഷയോടെ രചനാവീഥിയില്‍ യാത്ര തുടരണം. വിജയിക്കും.

    സ്നേഹപൂര്‍ വ്വം

    എം കെ സാനു



    ഇനി എന്റെ വക ഓഫറുകൂടി...

    സമകാലീന മലയാള കവിതയ്ക്കു നഷ്ടപ്പെട്ടുപോയ താളം സ്വന്തം വരികളിലൂടെ വീണ്ടെടുത്ത് ആശ്വസിക്കുവാനുള്ള ശ്രമായാണു ഞാന്‍ വരികള്‍ തീര്‍ത്തത്. സാധാരണക്കാരന്‍ ഇന്നത്തെ കവിതകണ്ട് മടുത്ത് കവിത വായന തന്നെ നിര്‍ത്തി. അവരെ കവിത വായിക്കുവാന്‍ പ്രേരിപ്പിക്കുക എന്നൊരുദ്ദേശവും മനസ്സിലുണ്ട്. അതു വിജയിക്കുന്നുണ്ട് എന്നു തന്നെയാണു ഇതുവരെയുള്ള എന്റെ അനുഭവം. അതുകൊണ്ട് എന്റെ വകയായി പ്രസിദ്ധീകരിച്ച രണ്ടു കാവ്യ സമാഹാരങ്ങളും ഉത്തമ അനുവാചകരുടെ കയ്യിലെത്തിക്കണമെന്ന ഉദ്ദേശത്തോടെ ഞാനൊരു ഒഫര്‍ നല്‍കുന്നു! വിലാസം അയച്ചു തരുന്നവര്‍ക്ക് ഇന്ത്യയിലെവിടെയും ബുക് പോസ്റ്റായി പുസ്കങ്ങള്‍ മുന്‍ കൂര്‍ അയച്ചു കൊടുക്കും.
    രണ്ടു പുസ്തകങ്ങളിലെയും ഏതെങ്കിലും ഒരു കവിത നിങ്ങളെ ബോറടിപ്പിച്ചുവെങ്കില്‍ പുസ്തകം തിരിച്ചയക്കാം.പുസ്തകം തൃപ്തികരമെങ്കില്‍ മാത്രം അതിന്റെ വില നല്‍കുക.വിശദാംശങ്ങള്‍ താഴെ നല്‍കുന്നു.
    വൈജയന്തി ( താളബദ്ധമായ 36 കവിതകള്‍)
    അവതാരിക :കവി എന്‍ കെ ദേശം
    വില : 60 രൂപ
    പേജ് :88
    രമായണക്കാഴ്ച്ചകള്‍ ( 21 കവിതകള്‍)
    അവതാരിക : ഡോ ഗീതാ സുരാജ്
    വില : 50
    പേജ് :64
ഇമെയില്‍ വിലാസം: shajitknblm@gmail.com

Wednesday, September 21, 2011

ഗുരുസമാധി ദിനം

ഗുരുസമാധി ദിനം



ഗുരു തന്ന കൃപാകടാക്ഷമാ-
മരുളിന്‍ മാറ്റുരചെയ്യുകില്‍ സ്ഥിരം
സ്ഫുരദീപ്തി ചൊരിഞ്ഞിടും മഹാ-
സ്വരമന്ത്രാക്ഷര സാരസര്‍വ്വസ്വം

ഇരുളേറിയ വീഥികള്‍ക്കുമേല്‍
നിറയും ദിവ്യ വിളക്കുവച്ചയാള്‍
അരുതായ്മകള്‍ വെട്ടി മാറ്റുവാന്‍
കരവും വാളുമുയര്‍ത്തി വന്നയാള്‍

ഗുരു,വക്ഷരമാന്ത്രികന്‍ മഹാ-
കവിയായ് ജന്മമെടുത്തു വന്നയാള്‍
ഗുരു, ദര്‍ശന ഗീതിയാല്‍ ചിരം
മലയാണ്മക്കൊരു ഹാരമിട്ടയാള്‍

അരുളൊക്കെ മറച്ചു വച്ചു നാ-
മിരുളില്‍ത്താണു കിടപ്പിതോര്‍ക്കുകില്‍
തെളിനീരു കലക്കി ചേറിലാ-
ഴ്ന്നമരും പോത്തുകളെന്ന പോലെയായ്!.

Monday, August 15, 2011

സ്വാതന്ത്ര്യക്കൊട്ടാരം



ഇന്നലെപ്പുലര്‍കാലേ മണ്മറ,ഞ്ഞേതോ പ്രഭാ-
വെണ്മയൂഖങ്ങള്‍ തീര്‍ത്ത തേരുരുള്‍ക്കിലുക്കങ്ങള്‍
വന്നു മാഞ്ഞുവോ? വെറും സ്വപ്നമല്ല,തുല്യമാ-
മുള്‍ക്കരുത്തുമായ് ധീര രക്തസാക്ഷികള്‍ നില്പൂ.

ശംഖൊലി മുഴക്കിയും, രക്തപുഷ്പങ്ങള്‍ നിറ-
ച്ചൊപ്പമായ് നിവേദിച്ച ജീവനും സ്വപ്നങ്ങളും
തൂക്കി നോക്കുന്നു; പിന്നെയാകുലം മരവിച്ച
ഭാരതാംബയെ നോക്കിയീവിധം വിലപിപ്പൂ -

“ഞങ്ങളന്നുയര്‍ത്തിയ സൌധശീര്‍ഷത്തില്‍ ധ്വജം
മങ്ങിയോ, നിറം കെട്ടു വീണുവോ? നിരര്‍ത്ഥകം
നെഞ്ഞിലെച്ചെഞ്ചോരയില്‍ച്ചാലിച്ചു പണിഞ്ഞതു
വര്‍ണ്ണസൌധമോ വെറും ചില്ലുകൊട്ടാരങ്ങളോ?”

Friday, June 10, 2011

പ്രവേശനോത്സവം

തുള്ളിക്കൊരുകുടമായി വരുന്നൂ
വെള്ളിടിവെട്ടി വിരുന്നുമഴ!
ഉള്ളില്‍പ്പലപല കുതുകം പേറി-
പ്പിള്ളേര്‍ കലപില കൂട്ടിടവേ
പള്ളിക്കൂടമുണര്‍ന്നൂ, പുലരൊളി
മങ്ങിയിരുണ്ടുവരുന്നു മഴ!

കൊമ്പുകള്‍ കുഴല്‍ വിളി കേള്‍ക്കുന്നോ,
തുടി,തമ്പോറുകള്‍, തുകില്‍ കൊട്ടുന്നോ,
വന്‍പെഴുമാഴികള്‍ തീര്‍ക്കുന്നോ
മഴ തുമ്പികണക്കു തിമിര്‍ക്കുന്നോ?

ഇന്നലെവരെ മൈതാനമുറങ്ങി,യ-
മര്‍ന്നു കിടന്ന കിനാവുകളില്‍
മന്നിനെ മധുരപ്പൊന്നമൃതൂട്ടും
കുഞ്ഞിക്കാലടി പദ പതനം,
കിന്നാരങ്ങള്‍ക്കിടയില്‍ച്ചിതറിയ
തമ്മിലടി,പ്പല സുല്ലിടലും,
കേട്ടുകിടന്നു രസി,ച്ചവര്‍ വീണ്ടും
കെട്ടിയൊരുങ്ങി വരും വരവില്‍
ഞെട്ടിയുണര്‍ന്നു; തിമിര്‍ക്കും പെരുമഴ
തട്ടിയുണര്‍ത്തി വരുന്നു മഴ!

സങ്കടമമ്മ മറയ്ക്കുന്നൂ,
നറു നൊമ്പരമോടെ ചിരിക്കുന്നു
കുഞ്ഞിനു ചുംബനമേകുന്നൂ
വിടചൊല്ലി മറഞ്ഞവള്‍ നില്‍ക്കുന്നു!
ഗദ്ഗദമുള്ളിലടങ്ങാതാ-
കു,ഞ്ഞമ്മയെ നോക്കിപ്പായുന്നൂ
പിമ്പേ പിഞ്ചുമുഖം തടവു,-
ന്നൊരു പുഞ്ചിരി സാന്ത്വനമാവുന്നു.


നിര്‍മ്മല ഭാവന മൊട്ടിടുവാ,നതി-
വര്‍ണ മനോഹര പൂവിടരാന്‍
ഉത്സവ മേളമൊരുക്കുന്നൂ, മഴ-
യല്‍ഭുത,മായറിവായി മഴ!

Monday, May 2, 2011

പുരസ്കാര ദാനത്തിന്റെ പിന്നാമ്പുറങ്ങള്‍

എന്‍ ശിവന്‍പിള്ള പരേതനായ ഒരു സിപിഐ നേതാവാണു്.
എറണാകുളം ജില്ലയില്‍ പറവൂര്‍ നിയോജകമണ്ഡലത്തിലെ മുന്‍
എം എല്‍ എ.അദ്ദേഹത്തിന്റെ സ്മരണാര്‍ത്ഥം എന്‍ ശിവന്‍പിള്ള
സ്മാരകട്രസ്റ്റ് എറണാകുളം ജില്ലയിലെ എഴുത്തുകാര്‍ക്കായി 10000 രൂപയുടെ
ഒരു പുരസ്കാരം എര്‍പ്പെടുത്തിയിട്ടുണ്ട്.

ഈ കൊല്ലവും അവാര്‍ഡിനു ക്ഷണിച്ചു. 2009, 10 വഷങ്ങളില്‍ പ്രസിദ്ധീകരിച്ച കൃതികള്‍.
ഗ്രന്ഥകര്‍ത്താവിനു പ്രായം 50 വയസ്സില്‍ താഴയാവണം. പത്ര വാര്‍ത്ത കണ്ടു ഞാനുമയച്ചിരുന്നു
എന്റെ ആദ്യ കവിതാസമാഹാരം ‘വൈജയന്തി.‘

ഫെബ്രുവരി 28 ആയിരുന്നു പുസ്തകങ്ങള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി.
മാര്‍ച്ചു 13 നു ഈ അവാര്‍ഡ് ശ്രീ കുസംഷലാല്‍ എഴുതിയ ബലിപ്പകര്‍ച്ച
എന്ന കവിതാസമാരത്തിനു നല്‍കി. അന്നു തന്നെയായിരുന്നു ആ പുസ്തകത്തിന്റെ പ്രകാശനവും.
പ്രസ്തുത പുസ്തകം വാങ്ങി വായിച്ചു നോക്കിയപ്പോള്‍ ഞെട്ടി. ‘വൈജയന്തി‘യിലെ കവിതകളുടെ നിലവാരം ബലിപ്പകര്‍ച്ചയില്‍ കണ്ടില്ല എന്നതുകൊണ്ടല്ല ഞെട്ടിയത്. പുസ്തകത്തിലെ തന്നെ രേഖപ്പെടുത്തലുകള്‍ പ്രകാരം 2011 മാര്‍ച്ചിലാണു ആ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കവിക്ക് 50 വയ്സില്‍ കൂടുതല്‍ പ്രാ‍യവും .
പുരസ്കാര നിര്‍ണ്ണയത്തിനു ആധാരമായി പറഞ്ഞിരുന്ന മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചില്ല എന്നര്‍ത്ഥം. വിശദീകരണം ചോദിച്ചുകൊണ്ട് സ്മാരകട്രസ്റ്റ് കണ്‍വീനര്‍ക്കു കത്തയച്ചു.
മറുപടി നാളിതുവരെയില്ല !

പക്ഷെ ജൂറി അംഗമായിരുന്ന ഡോ. ഗീതാസുരാജിനു അതിന്റെ പകര്‍പ്പും,
വൈജയന്തിയുടെ ഒരു പ്രതിയും അയച്ചിരുന്നു. അതു ലഭിച്ച ഉടനെ
ഗീത റ്റീച്ചര്‍ എന്നെ ഫോണില്‍ വിളിച്ചു.
വൈജയന്തി ജൂറിക്കു പരിശോധിക്കുവാന്‍ നല്‍കിയ പുസ്തകങ്ങളുടെ
കൂട്ടത്തില്‍ ഇല്ലായിരുന്നു എന്നറിയിച്ചു.

വൈജയന്തിക്കു ഞാന്‍ ആഗ്രഹിച്ച പുരസ്കാരം
ഫോണിലൂടെ ടീച്ചര്‍ നല്‍കിയിട്ടുണ്ട്.


അനര്‍ഹമായ കൈകളില്‍ കൊണ്ടു കൊടുത്ത എന്റെ പുസ്തകം
വൈജയന്തിയുടെ മൂന്നു പ്രതികള്‍ തിരിച്ചു തരണമെന്ന്
എന്‍ ശിവന്‍ പിള്ള സ്മാരകട്രസ്റ്റിനു കത്തെഴുതി കാത്തിരിപ്പാണിപ്പോള്‍ ഞാന്‍!
പുരസ്കാര വിതരണത്തിന്റെ പിന്നാമ്പുറക്കഴ്ച്ചകള്‍ കണ്ടു രസിച്ചും കൊണ്ട്.....!!