Thursday, November 29, 2012

കൂടെ സഞ്ചരിക്കുന്നവരെ തിരിച്ചറിയാതിരിക്കരുത്

കൂടെ സഞ്ചരിക്കുന്നവരെ
             തിരിച്ചറിയാതിരിക്കരുത്.....

(അടുത്തയിടെ കേരളത്തിലെ ഒരു പ്രമുഖ കവിയെ കുട്ടികൾക്കായുള്ള 
സാഹിത്യ ശില്പശാലയിൽ ക്ഷണിച്ചു വരുത്തി പ്രസംഗിപ്പിച്ചു. 
കൊണ്ടു വരുന്നതിനും തിരിച്ചെത്തിക്കുന്നതിനും ഒരു കാറും ഏർപ്പെടുത്തി. 
പക്ഷെ തിരിച്ചു പോയപ്പോൾ മറ്റു രണ്ടു പ്രാസംഗികരെ കൂടി
ആ കാറിൽ കയറ്റി വിട്ടിരുന്നു. അതദ്ദേഹത്തിനിഷ്ടമായില്ല. അവരിറങ്ങി-

 പ്പോകുന്നതു വരെ രണ്ടു മനുഷ്യ ജീവികളെന്ന പരിഗണനപോലുമില്ലാതെ 
ഈ സാഹിത്യ കാരനിൽ നിന്നവർക്കു ശകാരം കിട്ടി. തനിക്കായി
 ഏർപ്പെടുത്തിയ വാഹനത്തിൽ കയറിയതിനു്.
കൂടെ യാത്ര ചെയ്യുന്നവരെ ഇങ്ങനെ തിരിച്ചറിയാതിരിക്കാമോ....?
)


കടത്തു തോണിയിലൊഴുക്കിലങ്ങനെ
കുതിച്ചു പായുകയാണേ
ഇടക്കൊരാളെയുമെടുത്തിടാതെയു-
മൊഴുക്കു കാക്കുക തോണീ.

കരയ്ക്കു നിൽപ്പവരടുത്തു കൂടു, മി-
തിടയ്ക്കു നിർത്തരുതൊട്ടും
നടുക്കു പാൽക്കടലമൃതമുണ്ടതി-
ലെനിക്കടുക്കണമാദ്യം...!

കഷ്ടം  കണ്ണടവച്ചിടാത്ത ചിലരാ-
          ത്തോണിക്കു കൂട്ടായിടാൻ
തീർത്തും പ്രൗഢത മുറ്റിടുന്ന,യിരുപേ-
           രെക്കൂട്ടി വിട്ടാശ്രയം
തെറ്റിപ്പോയതുണർത്തിവിട്ടു പെരുതാം
           ധാർഷ്ട്യക്കൊടും കാറ്റതിൽ
പ്പൊട്ടിപ്പോയൊരു പാഴ്മരം, പഴമരം
            പോലാടി നിൽക്കുന്നിതാ.

എത്താനൊത്തിരി ബാക്കിയുണ്ടിതിനിയും;
         കൈത്താങ്ങിനായെത്തിടാം
ഏറ്റം മണ്ണിലമർന്നു പോയ തൃണവും
         കല്ലും കരിക്കട്ടയും
പൊട്ടിച്ചേതു മെറിഞ്ഞിടൊല്ല, കടവിൽ-
        ക്കാക്കുന്നവർക്കൊക്കെ മേൽ
തീർത്തും കണ്ണടവച്ചിടായ്ക,യവരെ-
         ക്കണ്ടാലറിഞ്ഞീടുക.

Sunday, October 28, 2012

സ്നേഹപൂര്‍വ്വം സാനുമാഷിനു്‌

സ്നേഹപൂര്‍വ്വം
 സാനുമാഷിനു്‌

ഇന്നു കണ്ടു ഞാന്‍ പത്രത്തിലെത്രയും
സുന്ദരം തവ ചിത്രവും ചിന്തയും.
പൂര്‍ണ്ണ  ചന്ദ്രോദയം പോല്‍ തിളക്കമോ-
ടാഴ്ന്നിറങ്ങും നിലാ,വുജ്ജ്വലിക്കയാം.

ആയിരം പൂര്‍ണ്ണ ചന്ദ്രാഭിഷിക്തനായ് *
ദ്യോവില്‍ നില്‍ക്കവേ താഴെ മണ്‍പറ്റിടും
പൂവിലും കാട്ടുപുല്ലിലും കല്ലിലും
കണ്ണയ്ക്കാന്‍, കരം കോര്‍ക്കുവാന്‍ കൊതി!

നന്മ നാടിന്നു കാത്തു വച്ചീടുവാന്‍
വന്നതാവാം, മൊഴിഞ്ഞിട്ട,തൊക്കെയും
ഉണ്മ തൊട്ടിട്ട ചന്ദനക്കൂട്ടുപോല്‍
മിന്നിടും കാല കാലാന്തരങ്ങളില്‍.

അങ്ങു നീട്ടുന്ന നീരാജനങ്ങളാല്‍
മങ്ങി മായട്ടെ നാളിന്‍ പരിക്കുകള്‍
നല്ല നാളേക്ക് നീട്ടിത്തെളിക്കുവാന്‍
തെല്ലു ഞങ്ങളും കണ്ണില്പകര്‍ത്തിടാം.

നന്ദി ചൊല്ലുന്നു, കൈരളിക്കേകിയാ
വെണ്‍കുളിര്‍സ്പര്‍ശ,മായിരം ചന്ദികാ-
സന്നിഭം സപ്തസിന്ധു,വായാഴിയായ്
മണ്ണി,ലോളങ്ങള്‍ തീര്‍ക്കട്ടെ,യെന്നുമേ.

----------------------------------------------------------------------------
*സാനുമാഷ് ശതാഭിഷിക്തനായിരിക്കുന്നു
എന്ന വാര്‍ത്ത ഇന്നു ദേശാഭിമാനിയില്‍

Wednesday, October 3, 2012

ഇവിടെ കയറി വരുന്നവര്‍ അറിയുന്നതിനു്‌

ഇവിടെ കയറി വരുന്നവര്‍ അറിയുന്നതിനു്‌

ബ്ലോഗിലെഴുതിയതും അല്ലാത്തതുമായ അറുപതോളം കവിതകള്‍ സമാഹരിച്ച് ഒരു പുസ്തകം അച്ചടിക്കുവാന്‍ ഉദ്യമിക്കുന്നു. മാലയാള ശീലിലും സംസ്കൃത വൃത്തങ്ങളിലുമെഴുതിയ ഈ കാവ്യ സമാഹാരത്തിനു കെട്ടിമുറുക്കിയ അക്ഷരക്കമ്പികള്‍ എന്നാണു തല്‍ക്കാലം മനസ്സില്‍ നല്‍കിയിരിക്കുന്ന പേരു്‌. ഇത് എന്റെ വക മൂന്നാമത്തെ പുസ്തകമാണു്‌ . അതോടൊപ്പം  ശ്രീ നാരായണ ഗുരുവിന്റെ ജീവ ചൈതന്യം ഉള്‍ക്കൊള്ളുവാന്‍ ശ്രമിക്കുന്ന ദേവഗീത എന്നൊരു കാവ്യ സമാഹാരവും ഉണ്ടാവും. 

ആയതിന്റെ   മുന്നൊരുക്കമായി പുസ്തകങ്ങളില്‍ച്ചേര്‍ക്കുവാനുദ്ദേശിക്കുന്ന കവിതകളെല്ലാം ബ്ലോഗില്‍ നിന്നു മാറ്റി കരടാക്കി ഫയല്‍ ചെയ്തു!

 വായിച്ചു്‌ അഭിപ്രായമറിയച്ച എല്ലാവര്‍ക്കും നന്ദി


ഷാജി നായരമ്പലം

Thursday, September 27, 2012

പ്രിയ പത്രാധിപര്‍

പ്രിയ പത്രാധിപര്‍
എന്റെ വക രണ്ടാമത്തെ പുസ്തകം രാമായണക്കാഴ്ച്ചകളുടെ ഭാഷക്ക്
ഇന്നിന്റെ ഛവിയില്ലെന്നു ചിലര്‍ക്കെക്കെങ്കിലും തോന്നാമെന്നു
   സുതാര്യ മാസികത്തിന്റെ പത്രാധിപര്‍...
അദ്ദേഹത്തിനയച്ച മറുപടി താഴെ-

ഇന്നു കണ്ടു തവ മാസികത്തിലേ-
ക്കെന്റെ കാവ്യരസമുന്നയിച്ചതും
ചെന്നു നി
ന്ന, നവകാവ്യ രീതിതന്‍
തോന്നലൊട്ടു വെളിവായുരച്ചതും.

നന്ദി നന്ദി! പറയുന്നു മേലിലും
തന്നിടാം മമ തൃതീയ പുസ്തകം.
ഫുല്ലമായ് പ്രഭ വിളങ്ങി സാഹിതീ
വല്ലഭം തുടരു ഹേ, സുതാര്യമേ!

ഇല്ല,യില്ല പുതു കാവ്യരീതിയില്‍
തെല്ലുമേയിവനു കമ്പമെന്നതും,
വല്ലവണ്ണമൊരു കാവ്യകാരനായ്
മല്ലു കാട്ടുകയുമല്ല ഞാനെടോ.

അന്യമായ, തനതായ താളവും
ധന്യമായ പദപാദ ഭംഗിയും
അന്വയിപ്പതിനു ഞാന്‍ തുനിഞ്ഞു, ഹേ
വന്യമാം ഛവി പുരട്ടണോ അതില്‍?
 
വേണമെങ്കിലെഴുതാം തുടര്‍ന്നു ഞാന്‍
ശീലു നൂലുകളൊരുക്കിയെന്തുമേ
വീണുപോയ പല പദ്യ ഭംഗികള്‍
ചേലി
ങ്ങനെ വരച്ചു കാട്ടിടാം

ഷാജി നായരമ്പലം

 

Wednesday, August 1, 2012

ഓര്‍മ്മച്ചെപ്പു്‌*

ഓര്‍മ്മച്ചെപ്പു്‌*



സ്റ്റെല്ല മാഡം മടങ്ങുന്നു, നാമെന്തു
നല്ല നാളുകള്‍ക്കായി നല്‍കീടുവാന്‍?
തന്ന സൗഹൃദം കാത്തു വയ്ക്കാമിനി
നന്ദി നന്നായ് പ്പറഞ്ഞു വയ്ക്കാമിനി.

എണ്ണിയാലൊട്ടൊടുങ്ങാത്തൊരോര്‍മ്മകള്‍
മുന്നില്‍ നില്‍ക്കുന്നു, മായില്ലൊരിക്കലും.
കണ്ണിലാര്‍ജ്ജവം തിങ്ങുന്നു, നേരിന്റെ
വര്‍ണ്ണരേണുക്കളാല്‍ത്തിളങ്ങു
ന്നവ.
കോട്ടമില്ലാത്ത വീക്ഷണം, വാഴ്വിന്റെ
വെട്ടമേറെത്തെളിക്കുവാന്‍ പോന്നതാം
ദര്‍ശനങ്ങളില്‍ ചാലിച്ച ചാരുത
വിട്ടു പോവാത്ത ചിന്തകള്‍, ധീരത.

ചിത്രമേറെത്തിളങ്ങട്ടെ, ജീവിത-
മെത്രയും ഫുല്ലമാവട്ടെ മേലിലും
തന്നയക്കുന്നു ഞങ്ങളീയോര്‍മ്മകള്‍
എണ്ണിയെണ്ണിത്തുടച്ചു വച്ചീടുക.




* ജൂലൈ 31 നു്‌ എന്റെ സഹപ്രവര്‍ത്തക സ്റ്റെല്ല മേരീസ്  സര്‍ വ്വീസില്‍ നിന്നു വിരമിച്ചു.
അവര്‍ക്കായി യാത്രയയപ്പ് ചടങ്ങില്‍ സമര്‍പ്പിച്ച വിടവാങ്ങല്‍ കവിത .

Friday, June 22, 2012

കൈരളി..!

കൈരളി..!


അക്ഷരഗംഗയിലല്‍പനാളാ,യെന്റെ
വാക്കുകള്‍ മുക്കിത്തുടച്ചിടുന്നൂ
അപ്രമാദം പൊറുത്തക്ഷരങ്ങള്‍ നാവി-
ലിറ്റു തേനിറ്റിച്ചു വീഴ്ത്തിയാരോ!
വാക്കുകള്‍ തെറ്റാ‍തെ നോക്കുന്നിടത്തൊക്കെ-
യൊത്തപോല്‍ ചേര്‍ത്തുറപ്പിച്ചു വയ്ക്കാന്‍
മുറ്റും കൃപാവരം തന്നു താന്‍ പോന്നതായ്
പെറ്റമ്മയെന്നെ വളര്‍ത്തിയെന്നോ!

ആദ്യാക്ഷരം ചേര്‍ത്തു കൈവിരല്‍ത്തുമ്പിലാ-
യാദ്യമായാരോ പകര്‍ന്നു തന്നൂ
അമ്മയെന്നക്ഷരപ്പൂവിന്റെ യാര്‍ദ്രമാ-
മുണ്മയെച്ചേലില്‍പ്പതിച്ചു വച്ചൂ
തേനും വയമ്പും പുരട്ടി പൊന്‍ തൂവലാ-
ലാനയിപ്പിച്ച പയോധി മുന്നില്‍
ജാലകക്കാഴ്ച്ചയായക്ഷരപ്പാല്‍ക്കടല്‍-
ത്താളമേളങ്ങള്‍ പടുത്തു തന്നൂ.

ഓമനത്തിങ്കള്‍ക്കിടാവും, മടുക്കാതെ
തേന്മധു തേടി നടന്ന വണ്ടും
ദ്യോവിലേക്കെന്തിനോ പൊങ്ങിപ്പറക്കുന്ന
പൂവും വരച്ച വരപ്രസാദം,
കോരിക്കുടിച്ചു ഞാനീസ്നിഗ്ദ്ധ തീരത്തു
തീരേ നിനച്ചിടാതെത്തി നില്‍ക്കേ,
പാരം നമിക്കുന്നു, കൈരളിക്കാകുന്ന
കാല്‍ച്ചിലമ്പിന്‍ ഝിലം തീര്‍ത്തിടാം ഞാന്‍!
--------------------------------------------------------------------------------
 (ജില്ലാ സാക്ഷരതാ  മിഷന്‍   നടത്തിയ 
ഒരു രചനാ മല്‍സരത്തില്‍ ഈ കവിതക്ക് ഒന്നാം സ്ഥാനം 
 നല്‍കിയ സന്തോഷം കൂടി പങ്കിടുന്നു )

Thursday, February 23, 2012

സര്‍ഗ്ഗസംവാദം

സര്‍ഗ്ഗസംവാദം

"രാമായണവും രാമയണക്കാഴ്ച്ചകളും" എന്ന വിഷയത്തില്‍ ഒരു
സര്‍ഗ്ഗസംവാദം ഫെ  19 നു എന്റെ നാട്ടില്‍ വച്ചു നടത്തി.
നായരമ്പലം ആസ്ഥാനമാക്കി രൂപപ്പെട്ടിട്ടുള്ള
 സര്‍ഗ്ഗവേദി എന്ന സാഹിത്യ ആസ്വാദകരുടെ കൂട്ടായ്മമയാണു
ഇതു സംഘടിപ്പിച്ചത്. ഡോ. ഷിബു ബാലകൃഷ്ണന്‍ (WHO)
ആയിരുന്നു മോഡറേറ്റര്‍ . ഡോ. കെ കെ ഉസ്മാന്‍
ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും രാമായാണ ഇതിഹാസം
എങ്ങനെ മറ്റുരാജ്യങ്ങളിലേക്ക് വ്യാപരിച്ചിരിക്കുന്നു എന്ന
വിഷയത്തില്‍ പ്രൗഢഗംഭീരമായ ഒരു പ്രബന്ധം
അവതരിപ്പിക്കുകയും  ചെയ്തു. വിഷയാവതരണം നടത്തിയ
എം കെ പവിത്രന്‍ രാമായണക്കഴ്ച്ചകള്‍ എന്ന  കാവ്യ
സമാഹാരത്തിലെ അഹല്യ, താടക, സീത എന്നീ സ്ത്രീ
കഥാപാത്രങ്ങളിലൂടെ പടര്‍ന്നു കയറി രാമായണ ഇതിഹാ-
സത്തെക്കുറിച്ചു പണ്ഡിതോചിതമായ പ്രഭാണം നടത്തി.
ശ്രീ വി എസ് രവീന്ദ്ര നാഥ്, റ്റി എം സുകുമാരപിള്ള, ധര്‍മ്മന്‍
തച്ചങ്ങാട്ട്,എം ആര്‍ വിസ്വനാഥന്‍ ,എന്നിവര്‍ ഉചിതമായ
അവലോകനങ്ങള്‍ അവതരിപ്പിച്ചു. ഡോ. ഷിബു ബാലകൃഷ്ണന്‍
 നടത്തിയ  ചര്‍ച്ചയുടെ പരിപക്വമായ നിയന്ത്രണവും
കാവ്യ സമാഹരത്തിന്റെ അവലോകനവും ചടങ്ങ് ദീപ്തവും
 സമ്പന്നവുമാക്കി. കവി അവലോകനത്തിനു മറുപടിയും,
അമ്മിണി ടീച്ചര്‍ നന്ദിയും പറഞ്ഞു.

കവിയുടെ മറുപടി താഴെ നല്‍കുന്നു
.
രാമായണക്കാഴ്ച്ചകള്‍
അവലോകനത്തിനു മറുപടി

ഇതിഹാസമൊന്നും പഠിക്കാതെ ഞാന്‍ വൃഥാ
കഥയിലെക്കാഴ്ച്കകള്‍ കണ്ടുനില്‍ക്കേ
പറയുവാന്‍ വയ്യ,യെന്‍ വിരല്‍തൊട്ട കയ്യുകള്‍
ചടുലമായ് താളം ചമച്ചു തന്നോ?
മധുരമീ പൈങ്കിളിപ്പാട്ടിലെത്തേങ്ങലും
കദന പര്‍വ്വങ്ങളും കണ്‍നിറച്ചോ?
മൃദുലമായ്ച്ചൊല്ലിയോരീരടിക്കുള്ളിലും
നിറയുന്ന മൗനങ്ങള്‍ പങ്കുവച്ചോ?

ഒരുപാടു ചൊല്ലുവാനറിയുന്ന കവിയുടെ
വിരലുകളെന്തോ മറച്ചുവെന്നോ,
ചതുരമീക്കാവ്യം ചമയ്ക്കുമ്പൊഴാമന-
സ്സറിയാതെ പൊട്ടിക്കരഞ്ഞുവെന്നോ...!
കവി ക്രാന്തദര്‍ശിയാണറിയുന്നു, അറിയാതെ,
പറയാതെയൊന്നും മറച്ചതില്ല,
തുടരുന്നു യാനമീ കാലചക്രത്തിന്റെ-
യിടറാത്ത താളവട്ടങ്ങളാലേ.

ഇതുമെന്റെ യാനം! വിതച്ചിടും വിത്തുകള്‍
പടുമുളപൊട്ടിപ്പൊടിച്ചുവെന്നോ;
നിറയുന്നു മാനസം, ഹൃദയപൂര്‍വ്വം നന്ദി
പറയുന്നു, പതിരുകള്‍ തല്ലിനീക്കാം.
പതിരെഴാ വാക്കിനാലിനിയും കുറച്ചിടെ
വിതയിട്ടു വെള്ളം തളിച്ചു നോക്കാം.

സ്നേഹ പൂര്‍വ്വം

ഷാജി നായരമ്പലം