Friday, December 27, 2013

മൂകാംബിക

മൂകാംബിക

അക്ഷരപൂജയ്ക്കു പോയി ഞാന്‍ പുത്രിയൊ-
ത്തൊത്തിരി ദൂരെ കര്‍ണ്ണാടകത്തില്‍
പത്തിലാണിന്നവള്‍, കേട്ടുവത്രേ ദേവി
ശക്തിസ്വരൂപിണി മൂകാംബിക
ശിക്ഷയായ് നല്‍കും സ്വരം വാഗ്വിലാസവും
ഭക്തിപൂര്‍വ്വം ചെന്നു കൂപ്പി നിന്നാല്‍.

അര്‍പ്പിച്ചു പൂവും, കിനാക്കളും, ഭക്തിയും
സല്‍ക്കലാസിദ്ധിസമ്പത്തു നല്‍കും
അംബികാസന്നിധേയെന്‍ മകള്‍, ഞാന്‍ ദൂരെ
അമ്പലഭംഗി നുകര്‍ന്നു നിന്നൂ.
കാടും മലകളും കാട്ടു നീര്‍ച്ചോലയും
മാടിവിളിച്ചതാണെന്നെ; കൊല്ലൂര്‍
കാണുവാന്‍ , കണ്ടതോ നാടും നഗരവും
ചേണറ്റ സൗപര്‍ണികാ തീര്‍ത്ഥവും.

വന്നിടം കണ്ടു മടങ്ങിടും യാത്രയില്‍
നിന്നെയും കണ്ടേന്‍ കിനാവുപോലെ
ആ വഴിവക്കിലാകാശപ്പരപ്പിലെ
പൂവുപോല്‍ നീ പുഞ്ചിരിച്ചു നില്പൂ!
കയ്യില്‍ മുളങ്കോലിലക്കൊച്ചു ജീവനുള്‍-
ക്കൊള്ളുന്ന മെയ്യനക്കാതെ നിര്‍ത്തി
ചാഞ്ചാടിയാടും വടത്തില്‍പ്പദം ചേര്‍ത്തു
മുന്നോട്ടു പിന്നോട്ടു നൃത്തമാടി
അപ്പിഞ്ചുപൈതല്‍ ചലിക്കുന്നു വായുവില്‍,
അല്‍ഭുതം കണ്‍പാര്‍ത്തു നില്പു മാളോര്‍.

കൊച്ചിളം മേനി കാല്‍തെറ്റിപ്പതിക്കുമോ?
ഉല്‍ക്കടം ഞെട്ടിത്തരിച്ചുപോയ് ഞാന്‍,
പാതയോരത്തൊരു കല്ലില്‍ച്ചടഞ്ഞിരു-
ന്നാകുലം ജീവിത താളമാകാം
അമ്മ മുഴക്കുന്നു കണ്ണിമയ്ക്കാതെ തന്‍
കുഞ്ഞിന്‍ പദം മാത്രമുറ്റുനോക്കി.

പോയകാലത്തിതുപോലിവളമ്മയും
ഞാണില്‍ നടന്നിതേ പാതവക്കില്‍.
ഇത്താളവട്ടം മുടങ്ങാതെ പൈതലേ
കൊട്ടിടും നീയും വളര്‍ന്നിടുമ്പോള്‍.
തീര്‍ച്ച മുകാംബിക നിന്‍കാല്‍ത്തളിര്‍ദ്വയം
കാക്കുവാന്‍ വന്നു നില്പുണ്ടു കാണ്മൂ!

"അമ്മേ അനുഗ്രഹിക്കെ"ന്നു ഞാന്‍ ചൊല്ലിയോ?
കണ്‍ പിന്‍വലിക്കവെ, യാത്രയാകേ...

7 comments:

Santhakumari Vijayan said...

അമ്മേ മൂകാംബികേ.....
ദേവീ മൂകാംബികേ....ഭക്തിപൂര്‍വ്വം കവിത ആസ്വദിച്ചു .

സൗഗന്ധികം said...

പുണ്യാഹജലബിന്ധുവിൽ ദേവീ..
അന്നപൂർണ്ണാമൃതമരുളേണം
ആത്മപൂജാമുദ്രകളിൽ അമ്മേ ഭാവതരംഗമുണർത്തേണം...

ദേവിയനുഗ്രഹിക്കട്ടെ.

നല്ല കവിത

പുതുവത്സരാശം സകൾ...

Madhusudanan Pv said...

അമ്മതൻ ചൈതന്യത്തിൽ സ്പന്ദിപ്പൂ പ്രകൃതി, മൂ-
കാംബികെ തുണയ്ക്കുകീ കുഞ്ഞിന്റെ പദങ്ങളെ
ഒക്കെയും വിദ്യയല്ലോ നീയല്ലോ വിദ്യ്യാദേവി
കാക്കുകീ വിശപ്പിന്റെ നടനം മഹാ മായേ !

ajith said...

മൂകാംബികയാത്ര കവിതയിലായപ്പോള്‍ മനോഹരയാത്രയായി

എല്ലാ ആശംസകളും!

ബൈജു മണിയങ്കാല said...

മൂകാംബിക വല്ലാതെ അർത്ഥവത്തായ നാമം അത് പോലെ സ്ഥലം അറിയുവാൻ ശ്രമിക്കുവാൻ മാത്രം കഴിയുന്ന ദേവി ആര്ക്കും അറിയുവാൻ കഴിയാത്ത അറിവും

ഷാജി നായരമ്പലം said...

തീര്‍ച്ചയായും ബൈജു,മുകാംബികയെ ക്ഷേത്രത്തിനു പുറത്തുകാണുവാന്‍ ശ്രമിക്കുന്നയാളാണു ഞാന്‍
അതുകൊണ്ടെനിക്കു ക്ഷേത്രത്തിനകത്തു കയറേണ്ടിവന്നില്ല! നന്ദി കുറിപ്പിനു

Kalavallabhan said...

"മുകാംബികയെ ക്ഷേത്രത്തിനു പുറത്തുകാണുവാന്‍ ശ്രമിക്കുന്നയാളാണു ഞാന്‍
അതുകൊണ്ടെനിക്കു ക്ഷേത്രത്തിനകത്തു കയറേണ്ടിവന്നില്ല"
ശ്രമം സഫലമാകട്ടെ,
കവിത നന്നായി.
പുതുവത്സരാശംസകൾ