Friday, April 10, 2015

മേഘ സന്ദേശം

മേഘ സന്ദേശം

ഇരു ചിറകിൽപ്പല മേഘവൃന്ദമേറി-
ക്കരയിടമൊക്കെയറിഞ്ഞു പോന്നിടാനായ്
ഖഗമൊരുനാൾ നിലവിട്ടുയർന്നു പൊങ്ങി-
ദ്ധരയിലുദിച്ചിടുമംഗഭംഗി തേടി.


നിരനിര തീർത്തു നിറഞ്ഞു തിങ്ങി ദൂരെ-
ച്ചെറിയൊരു ചാരുപടം വരച്ച പോലെ.
തെളിയുകയായ്ക്കര, മേഘമാല നീക്കി-
പ്പനിമതി വന്നു ചിരിച്ചിടുന്ന ചേലിൽ.

ചിറകു വിരിച്ചതിമോദവായ്പ്പിയന്നാ
ക്കിളിയതിവേഗമിറങ്ങി, മുഗ്ദ്ധഭംഗ്യാ
ഇളകിടുമാലസ ലാസ്യനൃത്തമാടും
തലനിരകൾ ഹഹ! കല്പവൃക്ഷമെങ്ങും.

ചതുരത ചെത്തിയൊരുക്കി വച്ച രൂപം
കുതകമെഴും കുല താങ്ങി നില്പു ചുറ്റും
ശബളിമ വാരിവിതച്ചിടുന്ന പൂംതൊ-
ത്തതിനടി താങ്ങി നിരന്നിടുന്ന കൈകൾ.

പലനിറമായ്പല രൂപഭംഗിചേർത്ത
ക്കല വിരിയിച്ചു വിചിത്രമാക്കിയാരോ.
മതി കവരും നിറ ശീതളത്വമാഹാ!
കുളിരൊളി പൂണ്ടു മനം നിറച്ചു പക്ഷി.

കനകമയം ഫലമെന്തിതെന്നു കൊത്തി-
ത്തിരയുകയായ് ചെറു ചുണ്ടുകൊണ്ടു പാവം!
കടുതരമത്തൊലി കൊക്കിനേകി ബോധം
ദൃഢതരമാണിതിനുള്ളിലുണ്ടു തേനും.

ദിനകരനങ്ങു വെയിൽക്കുരുന്നു വീശി-
ക്കിളിയുടെയിക്കളി കണ്ടു ലീനനായി
വരമതി മോദമനുഗ്രഹിച്ചു:“ കൊക്കാൽ
നുകരുക നീ ഇളനീർ യഥേഷ്ടമിപ്പോൾ.“

കുതുകമൊടക്കിളി മുട്ടി വാതിലിന്മേൽ
ചടുലത ചീറ്റി വരുന്നു നീർ! ജഗത്തിൽ
ഇതിനു സമം രസ നിർമ്മലാർദ്രമായി-
ട്ടമൃതമിതാരു ചുരത്തിടുന്നു തായേ!

പ്രകൃതിയിലേതു ഫലം പടുത്തു വച്ചീ
മധുരതരം, വിമലം ജലം ജഗത്തിൽ
ഖഗമതു മൊത്തിനുകർന്നു മോദവായ്പാൽ
കളമൃതുഗാന രവാരവം മുഴക്കി.

ഹാഹാ! നിർമ്മല നീർ നിറച്ചു നിരയായ്
നിൽക്കുന്നു കല്പദ്രുമം,
ആകാശത്തിനു മുത്തമിട്ടു മലയാ-
ളത്തിന്റെ മുറ്റത്തിതാ
സാഹ്ലാദം കിളി വട്ടമിട്ടു മുകിലിൻ
വക്കേറി ദേശാന്തരേ-
യിഗ്ഗാനം രസ ഭാവബദ്ധ സുഖദം
സന്ദേശമെത്തിച്ചു പോൽ!

3 comments:

ajith said...

മേഘസന്ദേശം ഇവിടെ എത്തി സന്തോഷിപ്പിക്കുന്നു

Girija Navaneethakrishnan said...

ഹാ ഹാ യെത്ര മധുരമീയിളന്നീർ
തെളിനീരിനൊത്ത പദ്യമെന്തു ഹൃദ്യം!!

ഞാനിത് ഈണത്തിൽ ചൊല്ലിനോക്കി. വീണ്ടും വീണ്ടും ചൊല്ലാൻ തോന്നുന്ന പദ്യം. അവസാനത്തെ ഏഴു വരികൾ ചൊല്ലുമ്പോൾ മാത്രം താളം കുറച്ചു തെറ്റി.

ഷാജി നായരമ്പലം said...

നന്ദി കുറിപ്പുകൾക്ക് അജിത്ത് സാർ, ഗിരിജ ടീച്ചർ
മൃഗേന്ദ്രമുഖം എന്ന വൃത്തത്തിലാണീ കവിത എഴുതിയിരിക്കുന്നത് റ്റീച്ചർ. അവസാന ശ്ലോകം മാത്രം ശാർദ്ദൂലവിക്രീഡിതം വൃത്തം. അതും നാലുവരികൾ തന്നെ. വരി മുറിച്ചെഴുതിയിരിക്കുന്നു എന്നേ ഉള്ളു. അതിന്റെ താളവും വ്യത്യസ്ഥമാണു്....