Monday, July 27, 2015

വിട

വിട


ഇല്ലിനിയൊരിക്കലും,
വന്നു പോവുമോ വീണ്ടും
ഞങ്ങളെയിന്നാടിന്റെ
നാഡിയെയറിഞ്ഞൊരാൾ ,
പുല്ലിനും പുഴുക്കൾക്കും
കാട്ടുപൂവിനും നേരെ
ഫുല്ലസുസ്മേരം പൊഴിച്ചി-
ങ്ങനെ സ്നേഹിച്ചൊരാൾ?


ഉള്ളിലെത്തിളക്കത്താ-
ലഗ്നിയാക്കിടും വാക്കും,
കുഞ്ഞു പൂവുകൾക്കൊക്കും
നിഷ്കളങ്കമാം നോക്കും,
കന്മഷം തീണ്ടാത്തത്തൊരാ
കണ്ണിലെക്കാരുണ്യവും
ഇങ്ങനെ സ്വയം നാടി-
ന്നർഘ്യമായ് നിവേദിച്ചോൻ!

കുന്നു കൂടിടും നാടിൻ
കൂരിരുൾ തുടയ്ക്കുവാ-
നഗ്നിയായ് പ്രൊശോഭിച്ചും
നവ്യദീപ്തികൾ നട്ടും
ഞങ്ങളിലറിവിന്റെ
നൂതന വഴിത്താര
തന്നു പോകുവാൻ വന്നു;
കണ്ണു നീർത്തിലോദകം!

5 comments:

സൗഗന്ധികം said...

പല പ്രമുഖവ്യക്തികളുടെയും വിയോഗവേളയിൽ കേൾക്കുന്ന സ്ഥിരം പല്ലവികളാണ്‌, “ കനത്ത നഷ്ടം” “ നികത്താനാവാത്ത വിടവ് ” എന്നിവ. അവ ഹൃദയത്തെ സ്പർശിക്കാതെ വെറും ഭംഗിവാക്കുകളായി കടന്നു പോകാറാണ്‌ പതിവ്. അബ്ദുൾ കലാം എന്ന മനുഷ്യന്റെ വേർപാട് അത്തരം പ്രയോഗങ്ങളൂടെ സാഗത്യമെന്തെന്ന് മനസ്സിലാക്കിത്തരുന്നു.

സന്ദർഭോചിതവും, എപ്പോഴത്തെയും പോലെ ഹൃദ്യവുമായ രചന.

ശുഭാശംസകൾ........

ajith said...

വലിയ മനുഷ്യന്‍!

Cv Thankappan said...

പ്രണാമം...

AnuRaj.Ks said...

സ്തുതിഗീതമാണെങ്കിലും വാക്കുകള്‍ മനോഹരമായി ചേര്‍ത്തുവെച്ചിരിക്കുന്നു....നല്ല സമര്‍പ്പണം..

Girija Navaneethakrishnan said...

ഇനിയൊരാളെത്തുമോ
നാട്യങ്ങളില്ലാതെ
യിത്ര മേൽ നാടിൻറെ
നന്മ മോഹിച്ചൊരാൾ ?

ഇനിയൊരാൾക്കാകുമോ
യിത്ര മേൽ നിസ്വാർത്ഥ
സ്‌നേഹം പരത്തുവാ-
നീ കെട്ട കാലത്തും ...


അദ്ദേഹത്തിന്റെ നന്മയെയും കഴിവിനെയും നമ്മുടെ നാട് വേണ്ടത് പോലെ ഉപയോഗിച്ചില്ലല്ലോ എന്ന കുണ്ഠിതം ഒരിക്കലും തീരില്ല.