Wednesday, September 23, 2015

ബോഡി

ബോഡി

വഴിപിരിഞ്ഞിന്നൊരാൾ പോയീ, മടക്കമി-
ല്ലിനിയാത്രയെങ്ങോ നിനച്ചു നോക്കേ,
വഴി വകഞ്ഞെത്തുന്നു; ‘ബോഡി‘ കുളിപ്പിച്ചു
ധവളവസ്ത്രത്തിൽ പൊതിഞ്ഞു കെട്ടി!
എവിടെയോ പോയ്മറഞ്ഞപ്പരേതന്റെ പേർ
ശവ‘മെന്നു മാത്രമായ് തീർന്നതെന്തേ?

നിയതമായുള്ളതാരെ,ന്തെന്ന ചിന്തയിൽ
ഭയമോടെ ഞാനെന്നെയുറ്റു നോക്കീ!

ഇവിടെ ഞാനുണ്ടെന്നു പറയുവാനുള്ളതീ-
യുടലോ, വിചിത്രമീ യന്ത്രമോ ഞാൻ?
ഒരു കൊടും കാടിന്റെ വള്ളിപ്പടർപ്പു പോൽ
ധമനികൾ, സിരകൾ വരിഞ്ഞു ചുറ്റി-
പ്പടരുന്ന രക്തതുടുപ്പും കുതിപ്പുമോ-
യിവിടെയെൻ സാന്നിദ്ധ്യമായി വെൽവൂ?

ഇനിയില്ലയിങ്ങോട്ടു യാത്ര,യദ്ദേഹമോ
ചിതയിലായ്; തീയായ് വെളിച്ചമായി-
പ്പടരുന്നു; ചിന്തയിൽ കത്തിത്തെളിക്കുന്ന
പുതു നിലാ നോക്കി ഞാൻ പുഞ്ചിരിച്ചൂ!

ഇവിടെ നീയുണ്ടെന്നു പറയുവാൻ നട്ടിട്ട
പലതുമായ് വന്നു നീ പോയതത്രേ!
ദയ, വിരോധം, ധാർഷ്ട്യ, ദുരഭിമാനം,സ്നേഹ-
ഭയ,ഭക്തിരൂപം ധരിച്ചു നീയോ
മരുവുന്നു; ഹേ, നിന്റെ ചിരിയായ്, കരച്ചിലായ്
ഉരുവിടും വാക്കും, വചസ്സുമായി-
ട്ടപരന്റെ ബോധമായ് നിന്നു നീ; ബാക്കിയാ-
മുടലോ വിചിത്രമാം തോടു മാത്രം!

ഇരുളുന്ന സന്ധ്യയിൽ പൊട്ടിപ്പൊലിഞ്ഞിതാ
ചിതയൊടുങ്ങുന്നൂ, വിലാപമറ്റൂ;
വിവിധരൂപങ്ങളിൽക്കേറിയിറങ്ങി ഞാൻ
എവിടെയെൻ പ്രജ്ഞയെന്നമ്പരന്നൂ!









5 comments:

Cv Thankappan said...

ഹാ!ജീവിതം!!
നന്നായിരിക്കുന്നു കവിത
ആശംസകള്‍ ഷാജി സാര്‍

Girija Navaneethakrishnan said...

ഒരാളുടെ മരണം എപ്പോഴും ചിന്തയ്ക്ക് വഴി മാറുന്നു. ഈ നിമിഷത്തിനപ്പുറം എപ്പോൾ വേണമെങ്കിലും വെറും മൃതദേഹം മാത്രം ആകേണ്ടവരാണു നമ്മൾ. വെറും ബോഡി! അതിനുള്ളിൽ എന്തെല്ലാം വേഷങ്ങൾ ! നല്ല കവിത.

ajith said...

ജീവചൈതന്യമില്ലെങ്കില്‍ വെറും ബോഡികള്‍.

ആത്മീയച്ഛായയുള്ള നല്ല കവിത

Madhusudanan P.V. said...

പേര്‌ നഷ്ടപ്പെട്ട്‌ മനുഷ്യൻ മരിച്ചാൽ ഉടൻ ബോഡിയായി മാറുന്നു. ജഡം സംസ്കരിച്ചുകഴിഞ്ഞാൽ മാത്രം പേര്‌ വീണ്ടും തിരിച്ചുവരുന്നു. ചിന്തിപ്പിക്കുന്ന കവിത.

ഷാജി നായരമ്പലം said...

നന്ദി തങ്കപ്പൻ സാർ, ഗിരിജട്ടീച്ചർ, അജിത സർ, മധു സാർ സന്തോഷം കുറിപ്പുകൾ കണ്ടതിൽ