Sunday, August 6, 2017

രണ്ടു കാവ്യങ്ങള്‍!

 സന്ധ്യയിരുണ്ടിരുള്‍ മെല്ല വകഞ്ഞല-
തുള്ളിവരും കടലാരവവും
ചന്ദനലേപമണിഞ്ഞ നഭസ്സിരുള്‍
മുങ്ങെ, നിലാത്തെളിയാഗമവും
കൊണ്ടുവരും കര,യാഴി, മണല്‍ത്തരി,-
യല്‍ഭുത സംഗമരംഗപടം
ഇന്നലെയന്തിമറഞ്ഞ കടല്‍ക്കരെ
വന്നു തെളിഞ്ഞതിനെന്തു കഥ!

ശ്രീജ, കുടുംബിനി, രണ്ടുകുരുന്നുകള്‍,
കൂടെ പ്രാശാന്തതിസൗമ്യ പതി
അങ്ങുവിദൂര നിവാസി, പ്രവാസികള്‍
വിസ്മയ,മിന്നലെയെത്തിയവര്‍.
അക്ഷരബന്ധുതയുണ്ട് പതിറ്റാ-
ണ്ടെങ്കിലുമിന്നലെയിക്കവിയെ-
ക്കണ്ടു, ചിരസ്മൃതിപോല്‍ ശരി; സൗഹൃദ-
സംഗമമെങ്ങനെ ഞാന്‍ പറയാന്‍!
* * *
കുട്ടികളോടിക്കളിക്കുന്നു പൂഴിയില്‍
കിട്ടിയ വേളയെ ധന്യമാക്കാന്‍
ചുറ്റുന്നിതമ്മയെ,പ്പുഴിമണ്‍തിട്ടയില്‍
തട്ടിപ്പറത്തി, പിടിച്ചു നിര്‍ത്താന്‍
ഒത്തിരിപാടുപെടുന്നുണ്ടു ശ്രീജയും;
പിന്നെ പ്പതുക്കെപ്പറഞ്ഞിടുന്നു:
"ഒട്ടു നാളായെന്റെ അക്ഷരങ്ങള്‍ക്കെന്തു-
പറ്റിയെന്നാരാഞ്ഞതില്ലെ മാഷ്;
കിട്ടിയ നേരമെല്ലാം സ്വരൂപിച്ചുഞാന്‍
കുത്തിക്കുറിച്ചതാണീയിരുപേര്‍
സംശയമില്ലെന്റെ കാവ്യങ്ങള്‍...!" ഹാ!യിറ്റു
വീണതെന്താണോ? തരിച്ചുപോയ് ഞാന്‍.
-------------------------------------------------------------
ശ്രീജപ്രശാന്തുമായി ഒത്തിരി പഴക്കമുള്ള ഓര്‍ക്കുട്ട് അക്ഷരബന്ധമുണ്ട്. ഫ്രാന്‍സില്‍ താമസിച്ചുവരുന്ന ശ്രീജയും കുടുംബവും ഇന്നലെ ഒട്ടും ആസൂത്രണം ചെയ്യാതെ വൈപ്പിനില്‍ എത്തിയിരുന്നു. വൈകീട്ട് എഴരയോടെ സുഹൃത്ത് സുനില്‍രാജുമൊത്തു ( സുനില്‍ രാജ് നേത്രമംഗലം, നായരമ്പലം) ആ കുടുംബത്തെ ഫോര്‍ട്ടു കൊച്ചിയില്‍ വച്ചു കണ്ടെത്തി. രാത്രി എട്ടുമണിയോടെ പുതു വൈപ്പ് കടല്‍ത്തിരവും സന്ദര്‍ശിച്ചു. അവിടെ വീണു കിട്ടിയതാണീ കവിത!!

2 comments:

Free MCX Trading Tips said...

waoo nice post regarding "രണ്ടു കാവ്യങ്ങള്‍!"

Thanks,

Gold Jackpot Call

സുധി അറയ്ക്കൽ said...

കൊള്ളാം.കവിത വന്ന വഴിയും.