Tuesday, August 18, 2015

ചിത്രപതംഗങ്ങൾ

ചിത്രപതംഗങ്ങൾ

ചിത്രപതംഗങ്ങൾ ചുറ്റുന്നു രണ്ടു പേ-
രൊത്തൊരുമിച്ചെന്റെ മുറ്റത്തു കാഴ്ചയായ്
എത്തിയിന്നേതോ മറന്നിട്ടയോർമ്മകൾ
തിക്കിത്തിരക്കിയുണർന്നേറ്റു വന്നപോൽ

ഒക്കെയും വെട്ടിപ്പറിച്ചു ഞാനെങ്കിലും
വിത്തുകൾ പാകിക്കിളിർപ്പിച്ചപൂ‍ർവ്വമാം
കട്ടച്ചുവപ്പാർന്ന സൂര്യകാന്തിച്ചെടി
നട്ടിട്ടുപൂക്കൾ വിരീച്ചെന്റെ ഭാര്യയും!
ചുറ്റിനും കൊച്ചുമുക്കൂറ്റിക്കുണുങ്ങുകൾ
എത്തി നോക്കുന്നു; പുൽ മാന്തിക്കിളക്കണം
ഓണമല്ലേ മുന്നിലെത്തുന്നു, വൈകാതെ
വേണം , വെടിപ്പാക്കി നിർത്താം പറമ്പിനെ.

എങ്കിലും എൻ കണ്ണുമൂടിപ്പൊതിഞ്ഞിടും
വർത്തമാനത്തിന്റെ കട്ടിക്കറുപ്പിലൂ-
ടെത്തിയാ വർണ്ണച്ചിറകട്ടടിച്ചിതാ
ചിത്ര പതംഗങ്ങൾ ! ചിത്രം മനോഹരം.!

ദൂരേ വെയിൽക്കീറു വീശി വിഭാതമി-
പ്പാരിലെ വിസ്മയക്കാഴ്ച വരച്ചതും,
ഏറെ വൈവിധ്യം, വിരുന്നുകാർ വേഷമി-
ട്ടൂരിലെത്താളവട്ടങ്ങൾ ചമപ്പതും
നേരാണു കാലം കലർപ്പിട്ടു മായ്ക്കുകിൽ
ത്തീരില്ല തിര്യക്കൊരുക്കും വിരുന്നുകൾ!

“ എത്ര നാളിത്തേൻ കുടിക്കാനിവർ വരും
ചിത്ര പതംഗങ്ങൾ?” ആരാഞ്ഞിതെൻ മകൾ

“ഒട്ടുമില്ലായുസ്സൊടുങ്ങിടാനെട്ടുനാൾ“
ചെറ്റു ദുഃഖം പൂണ്ടുരച്ചു ഞാൻ; തൽക്ഷണം
പൊട്ടിക്കരഞ്ഞവൾ  “ കഷ്ടമിന്നാവുമോ
എട്ടു നാൾ തീർത്തും തികച്ചിട്ട നാൾവഴി?”

ഞെട്ടിത്തരിച്ചുറ്റു നോക്കി ഞാൻ ചുറ്റിലും
നൃത്തം ചവിട്ടും പതംഗദ്വയങ്ങളെ,
കൊച്ചു മുക്കൂറ്റിക്കുണുങ്ങിനെ, മുന്നിലെ
കത്തിത്തിളക്കുന്ന സൂര്യനെക്കാമിച്ചു

മുഗദ്ധ സൌന്ദര്യം വിരീക്കും സുമത്തിനെ.
എത്രനാളിങ്ങിനി, ഇത്തിരിപ്പോരുന്ന
വെട്ടം സ്വരൂപിച്ചുണർത്തിടും ഭൂവിനെ?

എന്നെ,യെൻ ഹൃത്തിലെ ലോലപുടങ്ങളെ?

Monday, July 27, 2015

വിട

വിട


ഇല്ലിനിയൊരിക്കലും,
വന്നു പോവുമോ വീണ്ടും
ഞങ്ങളെയിന്നാടിന്റെ
നാഡിയെയറിഞ്ഞൊരാൾ ,
പുല്ലിനും പുഴുക്കൾക്കും
കാട്ടുപൂവിനും നേരെ
ഫുല്ലസുസ്മേരം പൊഴിച്ചി-
ങ്ങനെ സ്നേഹിച്ചൊരാൾ?


ഉള്ളിലെത്തിളക്കത്താ-
ലഗ്നിയാക്കിടും വാക്കും,
കുഞ്ഞു പൂവുകൾക്കൊക്കും
നിഷ്കളങ്കമാം നോക്കും,
കന്മഷം തീണ്ടാത്തത്തൊരാ
കണ്ണിലെക്കാരുണ്യവും
ഇങ്ങനെ സ്വയം നാടി-
ന്നർഘ്യമായ് നിവേദിച്ചോൻ!

കുന്നു കൂടിടും നാടിൻ
കൂരിരുൾ തുടയ്ക്കുവാ-
നഗ്നിയായ് പ്രൊശോഭിച്ചും
നവ്യദീപ്തികൾ നട്ടും
ഞങ്ങളിലറിവിന്റെ
നൂതന വഴിത്താര
തന്നു പോകുവാൻ വന്നു;
കണ്ണു നീർത്തിലോദകം!

Thursday, June 25, 2015

ധ്യാനം!

ധ്യാനം!

പ്രായമേറിയാലിനി എത്ര-
യേറുവാൻ? മുന്നിൽ-
പ്പോവുമാ വൃദ്ധക്കെന്നു
ഞാൻ നിനച്ചെടുക്കവേ,
പാതി കൂനിയും പഴേ
ജീവിതക്കരുത്തിന്റെ
കാതലായ് തനിച്ചെന്റെ
ചാരെ നിന്നവർ സ്റ്റോപ്പിൽ.


നേരെ നിൽക്കുവാൻ, നടു-
നീർത്തുവാൻ വയ്യെങ്കിലും
ദൂരെയെങ്ങിവർ പോകാൻ
ഞാനിതൽഭുതം കൊണ്ടു,
വല്ലവണ്ണവും ബസ്സിൽ-
ക്കേറിവീഴുമോ, കൂടെ
ആരുമില്ലല്ലോ; പാരം
നൊമ്പരം നുരക്കവേ,
ചെന്നു തോണ്ടി ഞാൻ: “ ദൂരെ-
യെങ്ങു പോണു വല്യമ്മേ
മക്കളില്ലയോ കൂടെ-
ക്കൂട്ടുവാൻ, തനിച്ചെന്താ?”

വെള്ളമൂടിടും കണ്ണാ-
ലെന്നെയൊന്നുഴിഞ്ഞിട്ടു
ചൊല്ലിയാൾ: “ധ്യാനത്തിനു
പള്ളിയിൽപ്പോണെൻ കുഞ്ഞേ“

രണ്ടു ബസ്റ്റോപ്പിൻ ദൂരെ-
യുണ്ടൊരു മഹാധ്യാന-
മന്ദിരം; പഴേ വെറും
പള്ളി പെറ്റുകൂട്ടിടും
കെട്ടിടസമുച്ചയം,
അൽഭുതപ്രഭാഷണം,
വില്പന, മഹാ രോഗ-
ശാന്തി ശുശ്രൂഷ, ധ്യാനം!

ആയകാലത്തിൽക്കടും
ജീവിത സമസ്യകൾ
സ്വീയമാം കരുത്തോടെ
ഉത്തരം കൊടുത്തവർ-
ക്കെന്തു ധ്യാനമോയിനി
നേടുവാൻ? തമസ്സിനെ
സ്വന്തമാം വെളിച്ചത്താൽ
തൂത്തു മാറ്റുവാൻ പോന്നോർ!

എന്റെ യുള്ളിലെ ച്ചോദ്യം
കണ്ടറിഞ്ഞപോലവർ
ചൊല്ലി:“നേർച്ചയൂട്ടുണ്ട്
വെള്ളിയല്ലയോ ഇന്ന്?”

Friday, June 5, 2015

ആരെ ഞാൻ നമിച്ചീടും?

ആരെ ഞാൻ നമിച്ചീടും? 

ആരെ ഞാൻ നമിച്ചീടും? മനസ്സിലേ-
ക്കാനയിച്ചൂ ഗുരുക്കളെ,നിസ്തുലം
ജ്ഞാന വിജ്ഞാനസീമകൾ തൊട്ടവർ
വാനിലേക്കെന്നെ നോക്കാനൊരുക്കിയോർ….


ഏതു നോവിലും തേൻ പുരട്ടാൻ പോന്ന
സ്നേഹ കാരുണ്യമമ്മയെ; കൈപിടി-
ച്ചേതുകാൽ വയ്പിലും വീണു പോകാതെ-
ജീവിതപ്പാത തീർത്തു തന്നച്ഛനെ,
കണ്ണുനീർ തൊട്ടു കാണാക്കളങ്കങ്ങൾ
എന്നിൽ മായിച്ച തോഴിയെ, വാഴ്വിന്റെ
വർണ്ണമൊക്കെക്കൊഴിഞ്ഞുപോം നാളിലും
എന്നെ നോക്കാൻ മടിക്കാത്ത മക്കളെ
ആരെ ഞാൻ നമിച്ചീടും? സഹർഷമീ
ജീവനൌകയിൽ, യാത്രയിൽ ഓർത്തു ഞാൻ!

ഇപ്രപഞ്ചം മഹാൽഭുതം , നിർത്തിടാ-
തപ്രേമേയം കറക്കുന്നു നമ്മളെ,
ചുറ്റിലായിരം നക്ഷത്ര ജാലങ്ങൾ
കത്തിവേവുന്നു, സ്ഥായിയാം കൂരിരുൾ
ചെറ്റുമായിച്ചു വെട്ടം തെളിക്കുവാൻ.!

നീലയാകാശവും മേഘജാലവും
മേൽ വിരിപ്പിട്ടൊരുക്കുമീ ഭൂമിയോ
ആഴി,യദ്രി,പുൽമേടും തരുക്കളും,
ജീവ വൈവിധ്യമൊക്കെസ്വരൂപിച്ചു
നിന്നു ചുറ്റിത്തെളിക്കുന്നു ജീവിതം;
വന്നു പോവുന്നു നമ്മൾ നീർപ്പോളപോൽ!

എങ്കിലും കണ്ണു മൂടാതെ കാണണം
ഞാൻ ചവിട്ടും നിരപ്പിനെ, നീരിനെ
കുഞ്ഞു പൂവിനെ, കുന്നിനെ, കാടിനെ;
കത്തിനീറുന്ന സൂര്യന്റെ ചൂടെന്നു-
മേറ്റുവാങ്ങിയി ഭൂവിനെക്കാക്കുവാൻ
സ്വച്ഛശീതളച്ഛായാഗൃഹങ്ങളാൽ
കൊച്ചു മേൽക്കൂരയാകും മരങ്ങളെ
ഞാൻ നമിക്കട്ടെ! എന്റെ മേൽക്കൂരയെ!

Sunday, May 17, 2015

നിലാത്തെളി.

നിലാത്തെളി.

എല്ലാ കവികളും സിനിമയ്ക്കുവേണ്ടി പാട്ടെഴുതുമ്പോൾ നൃത്തത്തിനു പാട്ടെഴുതുവാനാണു എനിക്കവസരം കിട്ടിയത് .അതിന്റെ അവതരണം കാണാൻ ഇന്നു പോയിരുന്നു, ചേരനല്ലൂർ കാർത്ത്യായനി ക്ഷേത്രത്തിൽ. സരള ടീച്ചർ സംവിധാനം ചെയ്തവരിപ്പിച്ച “ലാസ്യ പ്രപഞ്ചം“ എന്ന നൃത്ത രൂപം. ജ്യോതിർഗോളങ്ങൾ, പ്രകൃതി, വായു, അഗ്നി,ആകാശം, തിര്യക്കുകൾ, അവയുടെ സഹജീവനം ഇവ നൃത്ത രൂപത്തിൽ വരച്ചുകാട്ടികൊണ്ട് സദസ്സിനെ കയ്യിലെടുത്തു ഈ ആവിഷ്കാരം. 43 കുട്ടികൾ പങ്കെടുത്ത ഈ അവതരണത്തിൽ ചന്ദ്രനെയായിരുന്നു ഞാനെഴുതിയ “നിലാത്തെളി“ എന്ന കവിത ആലപിച്ചവതരിപ്പിച്ചത്. ശ്രീ ബൈജു ആയിരുന്നു സംഗീതം നൽകി ഈ കവിത ആലപിച്ചത്. കാണുക.

ഈറനുടുത്തൊരു കാർമുകിൽ വൃന്ദം
ആരെ മറച്ചു പിടിക്കുന്നോ?
കരിമുകിൽമാലയെടുത്തിട്ടാരുടെ
മാരനു സ്വാഗതമോതുന്നോ?
കുതുകമിയന്നു വിയത്തിൽ ചെറു ചെറു
മിന്നാമ്മിന്നികൾ നിൽക്കുമ്പോൽ
ഉഡുഗണമഖിലം രാവിൻ മുടിയിൽ
മുത്തണിമാലകൾ ചൂടുന്നോ?



ആരുടെ വരവോ? തിങ്കൾക്കലയൊരു
പോരിനു തേരൊലി കൂട്ടുന്നോ?
വാൾമുനപോലൊളി മിന്നും തിരുവുടൽ
ചെറ്റു മറച്ചു ചിരിക്കുന്നു.

ഇന്ദുമുഖാംബുജ സുന്ദര രൂപം
മന്ദമണഞ്ഞതു കണ്ടപ്പോൾ
ചന്ദനലേപം പൂശിയ വാർമുകി-
ലംഗന ലജ്ജയണിഞ്ഞെന്നോ?

 പനിമതി രാവിലുദിക്കും, ധരയിലെ
ജനിമൃതികൾക്കൊരു കാവലുമായ്
നിയതമിതേമട്ടുലകം ചുറ്റി
സമയരഥത്തിലിറങ്ങുമ്പോൾ
അകലെദ്ദിനകര കിരണമുഖങ്ങൾ
അരുണിമചാർത്തിമറയ്ക്കുന്നൂ
പഴയകളങ്കം, കാളിമ, കറകൾ
മറയും ദീപ്തി ചുരത്തുന്നു,
പുതിയ നിലാത്തെളിയൊളിയൊഴുകുന്നൂ
പുതിയ ഋതുക്കൾ തെളിക്കുന്നൂ.

Wednesday, April 22, 2015

ലൂയീസ് പീറ്റർ കവിത ചൊല്ലുന്നു

ലൂയീസ് പീറ്റർ കവിത ചൊല്ലുന്നു

ഇന്നലെ സായാഹ്നത്തിൽ-
ക്കണ്ടു ഞാൻ ലൂയീസിനെ
മുന്നിലായിരിക്കുന്നോർ
കൈയടിക്കവെ, മരി-
ക്കുന്നതന്നാത്മാവിനെ-
ക്കാഴ്ചയാക്കിയും, ജനം
കയ്യടിച്ചുണർത്തുന്ന
വേദി കീഴടക്കിയും.


“ കാവ്യ സായാഹ്നം” വേദി
ഗ്രാമ്യ വായനശ്ശാല
ഭാവസാന്ദ്രമാം സ്വരം
ആദ്യമേ മുഴക്കുവാൻ
മോഡറേറ്ററിൻ വിളി
കേട്ടപാടെ വേദിയിൽ
ആദ്യമൂഴമായൊരാൾ
ആടിയാടിയെത്തുന്നു!
വ്യക്തവുമവ്യക്തവുമാ-
യുരക്കുന്നാമുഖം
ശക്തമായ് വമിക്കുന്ന
മദ്യ ഗന്ധവും പേറി!

വാക്കിലും വചസ്സിലും
കാവ്യ ഗന്ധമുള്ളയാൾ
പാഴിലാക്കിയ തന്റെ
ജീവിതം കരിച്ചിട്ട
വാഴ്വിനെ നോക്കി-
പ്പതം പാടുന്നു, ജനക്കൂട്ടം
കയ്യടിച്ചുയർത്തുന്നു!
തീർച്ചയാണയാൾ നാളെ
പാതയോരത്തോ, കട-
ത്തിണ്ണയിലിരുട്ടിലോ
വീണടിഞ്ഞൊടുങ്ങിടും,
വാഴ്ത്തിടാനൊരൾ കൂടി
വന്നു പെട്ടിടും വീണ്ടും,
കാവ്യമോ ജയിപ്പത്?

തീർച്ച ഹേ, ലൂയിസ് പീറ്റർ
ഓർക്കുക സ്വയം നിങ്ങൾ
വിറ്റതും വിതച്ചതും
ആർക്കു വേണ്ടിയാണാവോ?
ഏതു പാഴ് നിലത്തിലും
പാഴ്മുളയെടുത്താർത്തു
ശാഖകൾ വിരീക്കുവാൻ
പോരുമോ വിതച്ചത്?

Friday, April 10, 2015

മേഘ സന്ദേശം

മേഘ സന്ദേശം

ഇരു ചിറകിൽപ്പല മേഘവൃന്ദമേറി-
ക്കരയിടമൊക്കെയറിഞ്ഞു പോന്നിടാനായ്
ഖഗമൊരുനാൾ നിലവിട്ടുയർന്നു പൊങ്ങി-
ദ്ധരയിലുദിച്ചിടുമംഗഭംഗി തേടി.


നിരനിര തീർത്തു നിറഞ്ഞു തിങ്ങി ദൂരെ-
ച്ചെറിയൊരു ചാരുപടം വരച്ച പോലെ.
തെളിയുകയായ്ക്കര, മേഘമാല നീക്കി-
പ്പനിമതി വന്നു ചിരിച്ചിടുന്ന ചേലിൽ.

ചിറകു വിരിച്ചതിമോദവായ്പ്പിയന്നാ
ക്കിളിയതിവേഗമിറങ്ങി, മുഗ്ദ്ധഭംഗ്യാ
ഇളകിടുമാലസ ലാസ്യനൃത്തമാടും
തലനിരകൾ ഹഹ! കല്പവൃക്ഷമെങ്ങും.

ചതുരത ചെത്തിയൊരുക്കി വച്ച രൂപം
കുതകമെഴും കുല താങ്ങി നില്പു ചുറ്റും
ശബളിമ വാരിവിതച്ചിടുന്ന പൂംതൊ-
ത്തതിനടി താങ്ങി നിരന്നിടുന്ന കൈകൾ.

പലനിറമായ്പല രൂപഭംഗിചേർത്ത
ക്കല വിരിയിച്ചു വിചിത്രമാക്കിയാരോ.
മതി കവരും നിറ ശീതളത്വമാഹാ!
കുളിരൊളി പൂണ്ടു മനം നിറച്ചു പക്ഷി.

കനകമയം ഫലമെന്തിതെന്നു കൊത്തി-
ത്തിരയുകയായ് ചെറു ചുണ്ടുകൊണ്ടു പാവം!
കടുതരമത്തൊലി കൊക്കിനേകി ബോധം
ദൃഢതരമാണിതിനുള്ളിലുണ്ടു തേനും.

ദിനകരനങ്ങു വെയിൽക്കുരുന്നു വീശി-
ക്കിളിയുടെയിക്കളി കണ്ടു ലീനനായി
വരമതി മോദമനുഗ്രഹിച്ചു:“ കൊക്കാൽ
നുകരുക നീ ഇളനീർ യഥേഷ്ടമിപ്പോൾ.“

കുതുകമൊടക്കിളി മുട്ടി വാതിലിന്മേൽ
ചടുലത ചീറ്റി വരുന്നു നീർ! ജഗത്തിൽ
ഇതിനു സമം രസ നിർമ്മലാർദ്രമായി-
ട്ടമൃതമിതാരു ചുരത്തിടുന്നു തായേ!

പ്രകൃതിയിലേതു ഫലം പടുത്തു വച്ചീ
മധുരതരം, വിമലം ജലം ജഗത്തിൽ
ഖഗമതു മൊത്തിനുകർന്നു മോദവായ്പാൽ
കളമൃതുഗാന രവാരവം മുഴക്കി.

















ഹാഹാ! നിർമ്മല നീർ നിറച്ചു നിരയായ്
നിൽക്കുന്നു കല്പദ്രുമം,
ആകാശത്തിനു മുത്തമിട്ടു മലയാ-
ളത്തിന്റെ മുറ്റത്തിതാ
സാഹ്ലാദം കിളി വട്ടമിട്ടു മുകിലിൻ
വക്കേറി ദേശാന്തരേ-
യിഗ്ഗാനം രസ ഭാവബദ്ധ സുഖദം
സന്ദേശമെത്തിച്ചു പോൽ!