Sunday, June 2, 2013

പ്രവേശനോത്സവം


പ്രവേശനോത്സവം

തുള്ളിക്കൊരുകുടമായി വരുന്നൂ
വെള്ളിടിവെട്ടി വിരുന്നുമഴ!
ഉള്ളില്‍പ്പലപല കുതുകം പേറി-
പ്പിള്ളേര്‍ കലപില കൂട്ടിടവേ
പള്ളിക്കൂടമുണര്‍ന്നൂ, പുലരൊളി
മങ്ങിയിരുണ്ടുവരുന്നു മഴ!

കൊമ്പുകള്‍ കുഴല്‍ വിളി കേള്‍ക്കുന്നോ,
തമ്പേർ തുടി, തുകില്‍ കൊട്ടുന്നോ,
വന്‍പെഴുമാഴികള്‍ തീര്‍ക്കുന്നോ, മഴ
തുമ്പികണക്കു തിമിര്‍ക്കുന്നോ?
ഇന്നലെവരെ മൈതാനമുറങ്ങി-
ത്താണു കിടന്ന മണൽത്തരിയിൽ
മന്നിനെ മധുരപ്പൊന്നമൃതൂട്ടും
കുഞ്ഞിക്കാലടി മൃദുപതനം,
കിന്നാരങ്ങള്‍ക്കിടയില്‍ച്ചിതറിയ
തമ്മിലടി,പ്പല സുല്ലിടലും,
കേട്ടുകിടന്നു രസി,ച്ചവര്‍ വീണ്ടും
കെട്ടിയൊരുങ്ങി വരും വരവില്‍
ഞെട്ടിയുണര്‍ന്നു; തിമിര്‍ക്കാനീ മഴ
തട്ടിയുണര്‍ത്തി വരുന്നു മഴ!
സങ്കടമമ്മ മറയ്ക്കുന്നൂ,നറു-
നൊമ്പരമോടെ ചിരിക്കുന്നു
കുഞ്ഞിനു ചുംബനമേകുന്നൂ,വിട-
ചൊല്ലി മറഞ്ഞവള്‍ നില്‍ക്കുന്നു!
അമ്മമറഞ്ഞതു കണ്ടു കരഞ്ഞാ-
കുഞ്ഞു മുഖത്തൊളി മങ്ങി വരെ
പിന്നിൽ പിഞ്ചുമുഖം തടവുന്നൊരു
കൈവിരലോ പുതുസാന്ത്വനമായ്
നിര്‍മ്മല ഭാവന മൊട്ടിടുവാ,നതി-
വര്‍ണ മനോഹര പൂവിടരാന്‍
ഉത്സവ മേളമൊരുക്കുന്നൂ, മഴ-
യല്‍ഭുത,മായറിവായി മഴ!

Friday, April 12, 2013

എന്തു പാടിടാൻ?


എവിടെയെൻ വിഷുപക്ഷി?
പാടുവാൻ മറന്നുവോ,
ചകിതമായ് പതം പെയ്തു
കൂകലും തളർന്നുവോ?

ആറ്റുനോറ്റിവൾ പെറ്റ
കുഞ്ഞിനെ, കുരുത്ത വെൺ-
മാറ്റെഴും തൂവൽ തീർത്തു
മുറ്റിടുന്നതിൻ മുമ്പേ,
രാത്രിയിൽ കൊതിക്കണ്ണിൻ-
ചോപ്പുമായടുത്തെത്തി
കൊത്തിയും കൊറിച്ചു, രാ-
പ്പക്ഷികൾ കടന്നുപോൽ...

കണ്ണിമയണയ്ക്കാതെ
കാത്തതാണവൾ, രാത്രി
വന്നിടും വിഷം മുറ്റും
സർപ്പസഞ്ചയങ്ങളെ.
അമ്പിളിക്കലത്തെല്ലും
മീന്നിടുമുഡുക്കളും
അന്നുപോയ് മറഞ്ഞ-
ന്ധകാരമെൻ കൺമൂടിയോ?
ദുർബ്ബലമിലത്തല്ലൽ
പോലുമെൻ മനസ്സിന്റെ
യുൾത്തളങ്ങളിൽ തട്ടി
ഞെട്ടി ഞാനെണീറ്റിടും;
കേട്ടാതില്ലെന്നോ കുഞ്ഞു-
പ്രാണനെക്കുടഞ്ഞിട്ടു
കൊത്തവേ വിലാപമായ്
രാത്രി കേണതിൻ സ്വനം?

എന്തു പാടുവാൻ ? വിഷു-
പ്പക്ഷി ഞാൻ, വിഷാദത്തിൻ
ചിന്തിതോ? നിരാലംബം
നിന്നിമേഷമായ് നോക്കി -
ച്ചക്രവാളത്തിൽ വിഷു-
സംക്രമമൊരുങ്ങവേ-
യഭ്രപാളിയിൽ വെള്ളി
കീറിയിങ്ങിറങ്ങവേ,
നൊന്തു പാടിടാം: "ഉറ്റു-
നോക്കണേ,യെൻകുഞ്ഞിനെ
സന്തതം, മഹാഭോഗ-
ഭക്ഷണത്തിനാക്കൊലാ"





Saturday, March 23, 2013

വെട്ടം ഞാന്‍ പകരം തരാം

വെട്ടം ഞാന്‍ പകരം തരാം...!

എന്തേ മുല്ല മുരണ്ടു പോയി? ചെറുതേന്‍-
             മാവിന്നു മുറ്റത്തിതാ
പൂന്തൊത്തൊന്നു വിടര്‍ത്തിടാതെ വെറുതേ
            നില്‍പ്പൂ നിരുന്മേഷമായ്.
സ്വന്തം വന്ധ്യത തീര്‍ത്തതോ, സ്വയമറി-
            ഞ്ഞേറും മഹാമൌഢ്യമോ?
ഭ്രാന്തന്‍ മാനവ,നന്ത്യകാലവിധിയും
            കാത്തിന്നിരിപ്പൂ സദാ.

ചെന്തീ തുപ്പിയടുത്തിടുന്നു, കഠിനം
            കാലന്ത്യ മേഘങ്ങളുള്‍-
സ്പന്ദം കൂടിന ഭൂമിതന്‍ തനുവിലെത്തീ-
            വേര്‍പ്പുണര്‍ത്തീടവേ.
മുങ്ങിത്താണു നശിച്ചിടും കൊടിയതാം
            ഗര്‍വ്വിന്റെ വന്‍ കോട്ടകള്‍,
ദുര്‍മ്മേദസ്സു നിറച്ചിതിന്നനുദിനം
             പൊങ്ങും മഹാമേടകള്‍.

കഷ്ടം ഭൂമി തിളച്ചിടും; പുലരിയോ,
             മഞ്ഞോ, മഴത്തുള്ളിയോ-
യെത്താതിപ്പകല്‍ വെന്തിടും , മറുപുറം
             തോരാതെ പെയ്യും മഴ.
വിത്തും, വെള്ളമുറഞ്ഞുപോയ മണലും
             കാറ്റില്‍പ്പറപ്പിച്ചു ഭൂ-
തീര്‍ത്തും വന്‍ ചുടുകാ‍ടുപോലെ കനലിന്‍
             നീറ്റില്‍ക്കുഴഞ്ഞാളിടും.

കണ്ണും കാതുമടച്ചിടേണ്ട, കരിമേ-
            ഘങ്ങള്‍ വിഴുങ്ങീടുമീ-
മണ്ണും വിണ്ണുമകത്തൊളിച്ച ചപലം
             നിന്‍ സ്വാര്‍ത്ഥമോഹങ്ങളും
കണ്ണീര്‍ക്കാഴ്ച്ചകള്‍ തീര്‍ത്തിടും, ധരനിറ-
             ഞ്ഞാര്‍ക്കും മദോന്മത്തതേ-
യെണ്ണൂ മര്‍ത്ത്യനു പാപശാപമരുളാ-
              നെത്തും വരുംനാളുകള്‍.

കെട്ടിത്തൂക്കിയ ദീപനാളമഖിലം
            തല്ലിക്കെടുത്തീടുകീ-
മെത്തും താപമയഞ്ഞിടട്ടെ, നിറയെ-
            ക്കാണട്ടെ വെണ്‍ചന്ദ്രിക,
വെട്ടം ഞാന്‍ പകരം തരാം കുളിരണി-
            ഞ്ഞെത്തും പ്രഭാതങ്ങളാല്‍
സ്വസ്തം നാളെ,യണിഞ്ഞൊരുങ്ങി ധരതന്‍
             സ്വത്തം സ്ഥിരം തന്നിടാം.

Wednesday, March 13, 2013

തനതു താളങ്ങൾ

തനതു താളങ്ങൾ

മുടിയഴിച്ചാടുന്ന തെങ്ങിൻ തലപ്പിൽ
തുടി,താളമോടെ കളിക്കുന്ന കാറ്റേ
കഠിനമാക്കുന്നിന്റെയപ്പുറം  നിന്നോ
ചടുല വേഗത്തിൽ പറന്നു നീയെത്തി?

അകലെയാ നീരദക്കുന്നിൻ പരപ്പിൽ
മുകിലുകൾ പട്ടം പറപ്പിച്ചു നിൽപ്പൂ,
ഗഗനമാർഗ്ഗത്തിൽ വരച്ചിടും ചിത്ര-
പ്പണികൾ ഹാ! ചേലൊത്ത  കാഴ്ച്ചയണെല്ലാം.

ഞൊറികളിൽത്തട്ടിത്തിളങ്ങും മയൂഖ-
ക്കണികകൾ കണ്ണിൽത്തറക്കുന്ന മട്ടിൽ
കളകളം പാടുമച്ചോലയോ, ചേലിൽ
പുളകമായ്  പൊട്ടിത്തരിക്കുന്നു കല്ലിൽ.
മലകളിൽ കാണാപ്പുറങ്ങളിൽ നിന്നും
പുഴകളെത്തേടിത്തിരിക്കുന്നു നീർച്ചാൽ
വിരഹമോ? കണ്ണീരുതിർക്കുന്നു; കുന്നിൻ
നെറുകയിൽ കത്തിത്തിളക്കുന്ന സൂര്യൻ.

ഇടവിടാതേതോ മരപ്പൊത്തിൽ നിന്നും
മധുരമായ്കൂകൂ രവം മുഴങ്ങുന്നൂ
കുതുകമോടേറെക്കിളിക്കൂട്ടമെങ്ങോ
ശ്രുതിതാളമേളം തിമിർക്കുന്നു, കേട്ടോ?

ലതനികുഞ്ജങ്ങൾ മലർക്കുമ്പിൾ കാട്ടി
ഋതുവസന്തർത്തുവെക്കോർത്തൊരുക്കുന്നൂ
മടുമലർതേടിപ്പറന്നു പൂന്തൊത്തിൽ
പ്പുതയുന്നു ഭൃംഗം , പതംഗങ്ങൾ വേറെ!

പുലരി, പൂഞ്ചായം, ദിനാന്തം, ത്രിസന്ധ്യ
മഴമുകിൽ വാനിൽപ്പതിക്കുന്ന ചിത്രം,
തെളിനിലാത്താലം പിടിക്കുന്ന തിങ്കൾ
ഒരു തടില്ലതയാൽത്തിളങ്ങുന്ന രാവും
പറയുകിൽത്തീരാത്ത തനതു താളങ്ങൾ
കരുതലോടാരോ തൊടുക്കുന്നിതെന്നും
പ്രിയതരം ചിത്രങ്ങൾ കാത്തു വച്ചീടാൻ
പ്രകൃതിതൻ ചിത്തം കെടുത്തൊല്ല നമ്മൾ.

Saturday, February 9, 2013

ബാലവേശ്യ

ബാലവേശ്യ


എന്തൊരു ദുര്‍ഗ്ഗന്ധമീ-
        വാക്കിനു്‌; ബസ്വന്തിനു-
സ്വന്തമാം വ്രണങ്ങള്‍ തന്‍-
        നാറ്റമോ വമിപ്പയാള്‍?

ഹന്ത! കാരുണ്യസ്പര്‍ശം
       കാത്തിരിപ്പവള്‍, വീണ്ടും
നൊന്തെരിഞ്ഞൊടുങ്ങുവാന്‍
       തീര്‍ക്കയോ കെണി? നീതി-
ത്രാസുമായ് ക്കൊടും വേശ്യാ-
       വൃത്തിയില്‍ പ്രവേശിച്ചു
കാശു വാങ്ങിയോയിയാള്‍
        ഇവ്വിധം പുലമ്പുവാന്‍?

ചുട്ടുപൊള്ളുമീ വാക്കാല്‍,
       തീപിടിച്ചിടും കാമ-
ക്കാട്ടു നീതിയോ വിധി-
       ച്ചിട്ടിവന്‍ വിലക്ഷണം?

വെട്ടി നീക്കുകീ വാക്കിന്‍
        ശപ്ത ശബ്ദനിര്‍ഘാതം
ചുട്ടുപൊള്ളിച്ചെന്‍  നെഞ്ചിന്‍
        നീറ്റാലായിടും മുന്‍പേ.....

Monday, February 4, 2013

അരുവിപ്പുറത്തു നിന്നു തിരിഞ്ഞു നോക്കുമ്പോൾ

അരുവിപ്പുറത്തു നിന്നു
തിരിഞ്ഞു നോക്കുമ്പോൾ

(രണ്ടു സുഹൃത്തുക്കൾക്കൊപ്പം അരുവിപ്പൂറം സന്ദർശിച്ചിരുന്നു

കഴിഞ്ഞദിവസം.സമയംനട്ടുച്ച. നെയ്യാറിപ്പോഴും

ഒന്നുമറിയാത്തതു പോലെ ഒഴുകുന്നു.....)


ചുട്ടുപൊള്ളുന്നീ മണൽ-
        ത്തിട്ടതൻ താഴെക്കുളിർ-
ക്കുത്തൊഴുക്കിനെ നോക്കി
       നിർന്നിമേഷരായ് നിൽക്കേ,
സഞ്ചിതോല്ലാസം നദി
       പുഞ്ചിരിക്കയോ? കല്ലിൽ
കുഞ്ഞലക്കയ്യാൽത്തല്ലി
       സൗമ്യമായ് പാടുന്നുവോ?

വന്നുപോയൊരാളെന്റെ
       ജന്മഭാഗ്യമായിടാം
സിന്ധു ഗംഗയേക്കാളും
       പുണ്യമെന്നിലേൽപിക്കാൻ!
കാലമോ, മഹാ മൗന
      മൗഢ്യമാണ്ടധോമുഖ-
ക്കാളിമയ്ക്കിണങ്ങിയ
      രൂപഭാവമായ് നിൽക്കേ,
രൂഢമായ് വളർന്നിടും
      കൂരി
രുൾക്കയത്തിലെ
ക്കീഡമായ് ജനിച്ചു ജീ-
      വിച്ചവർക്കൊരാൾ ഗുരു
നി
ഭയം, നിരാലംബർ-
      ക്കൊക്കെയും പിടിച്ചെഴു-
ന്നേൽക്കുവാൻ കാതൽക്കരു-
      ത്താർന്നു നിൽക്കുന്നൂ ദൃഢം.

എന്മടിത്തട്ടിൽ നീണ്ട
      നിദ്രായാർന്നെഴും വെറും
കല്ലുമായ് ക്കരുത്തിന്റെ
     വന്മതിൽ
ണിഞ്ഞൊരാൾ.
വന്നു നിൽക്കുന്നൂ കാല,
     മെത്രമേൽ വളർന്നു നാം
മുന്നിലായ് വഴിത്താര
     തീർത്തു നതന്നതാം വെട്ടം

പ്രോജ്വലിപ്പിക്കാൻ നിര-
     ന്നൊട്ടുപേർ, നവോത്ഥാന
ജ്വാലകൾ പകർന്നെത്തി-
     ക്കാത്തു വച്ച സ്വാതന്ത്ര്യം
ഇങ്ങിതാ മഹായാന
      ജന്മമേറ്റിടം, തെളി-
മങ്ങിടാതനർഗ്ഗളം
      നീരൊഴുക്കുമായ് നില്പൂ.

ഞങ്ങളൽഭുതാദരാൽ

     പിന്തിരിഞ്ഞു നോക്കവേ
വന്നലയ്ക്കുന്നൂ നെയ്യാർ
     ചന്ദനക്കുളിർസ്പർശം.

Monday, January 14, 2013

ശിക്ഷ

ശിക്ഷ

കേട്ടുവോ കഥാകാരി
       ജാനകി യൊരുക്കിയ
തുഷ്ടി നൽകുമാക്കഥ? *
       തീർത്തുമേ  നൊസ്റ്റാൾജിയ!

മാതൃഭാഷയെപ്പുറം -
     കാലിനാൽത്തൊഴിക്കുന്ന
പാതകം സ്ഥിരം സമ-
     കാലത്തിൽ കുരിപ്പുപോൽ
തിങ്ങിനിൽക്കവേ, തന്റെ
     തൂലികത്തുമ്പാൽക്കിള-
ച്ചുള്ളിലാനന്ദം തരും
     വാക്കുകൾ വിതച്ചിവൾ.

ചാരെ നിർത്തുവാൻ സ്വന്ത-
     ഭാഷയിൽച്ചിലർക്കൊക്കെ
നീരസം ഭവിച്ചുപോയ്;
    ഭാവഭദ്രമായതിൻ
വേരുകൾ വലിച്ചൂരി
    ജാനകി കഥാകാരി
ആരെയോ അടിക്കുന്നു-
    ണ്ടർഹമായതാം ശിക്ഷ!

പിച്ച വച്ചതിന്മുമ്പേ
     കുഞ്ഞിനാംഗലേയത്തിൽ
ശിക്ഷനൽകുവാ-
     നച്ഛനമ്മമാർ ശഠിക്കവേ,
അമ്മ,യമ്മിഞ്ഞപ്പാലാം
     മാതൃഭാഷയെത്തഴ-
ഞ്ഞുള്ളിലെയുഡുക്കളെ-
     പ്പാഴ്നിലത്തൊടുക്കവേ,
സമ്മതം ചോദിച്ചുവോ?
    ശിക്ഷയേകപക്ഷമായ്
നൽകുവാൻ? കഥാശേഷം
    മുന്നിലെത്തിയാ ചോദ്യം.

ജാനകി കഥാകാരി
     നോക്കിനിൽക്കവേ, നേരെ
ഞാൺ വലിച്ചടുക്കുന്നു
     കുഞ്ഞു ജാനകിക്കുട്ടി!

"എന്റെയീ ഞരമ്പിലെ
     പൈതൃകം പതിപ്പിച്ച
'സൈനുകൾ'** മനപ്പൂർവ്വം
      തേച്ചു മാച്ചുവോ അമ്മ?"

-------------------------------------------------------------------------------
* എന്റെ നാട്ടുകാരിയായ കഥകാരി ജാനകിയുടെ
"അമ്മൂന്റെ കുട്ടി" എന്ന ബ്ലോഗിലീക്കഥ വായിക്കണം.

** ഒപ്പുക    . ഇതു ജാനകിയുടെ സ്വന്തം പ്രയോഗമാണു്.