Friday, April 12, 2013

എന്തു പാടിടാൻ?


എവിടെയെൻ വിഷുപക്ഷി?
പാടുവാൻ മറന്നുവോ,
ചകിതമായ് പതം പെയ്തു
കൂകലും തളർന്നുവോ?

ആറ്റുനോറ്റിവൾ പെറ്റ
കുഞ്ഞിനെ, കുരുത്ത വെൺ-
മാറ്റെഴും തൂവൽ തീർത്തു
മുറ്റിടുന്നതിൻ മുമ്പേ,
രാത്രിയിൽ കൊതിക്കണ്ണിൻ-
ചോപ്പുമായടുത്തെത്തി
കൊത്തിയും കൊറിച്ചു, രാ-
പ്പക്ഷികൾ കടന്നുപോൽ...

കണ്ണിമയണയ്ക്കാതെ
കാത്തതാണവൾ, രാത്രി
വന്നിടും വിഷം മുറ്റും
സർപ്പസഞ്ചയങ്ങളെ.
അമ്പിളിക്കലത്തെല്ലും
മീന്നിടുമുഡുക്കളും
അന്നുപോയ് മറഞ്ഞ-
ന്ധകാരമെൻ കൺമൂടിയോ?
ദുർബ്ബലമിലത്തല്ലൽ
പോലുമെൻ മനസ്സിന്റെ
യുൾത്തളങ്ങളിൽ തട്ടി
ഞെട്ടി ഞാനെണീറ്റിടും;
കേട്ടാതില്ലെന്നോ കുഞ്ഞു-
പ്രാണനെക്കുടഞ്ഞിട്ടു
കൊത്തവേ വിലാപമായ്
രാത്രി കേണതിൻ സ്വനം?

എന്തു പാടുവാൻ ? വിഷു-
പ്പക്ഷി ഞാൻ, വിഷാദത്തിൻ
ചിന്തിതോ? നിരാലംബം
നിന്നിമേഷമായ് നോക്കി -
ച്ചക്രവാളത്തിൽ വിഷു-
സംക്രമമൊരുങ്ങവേ-
യഭ്രപാളിയിൽ വെള്ളി
കീറിയിങ്ങിറങ്ങവേ,
നൊന്തു പാടിടാം: "ഉറ്റു-
നോക്കണേ,യെൻകുഞ്ഞിനെ
സന്തതം, മഹാഭോഗ-
ഭക്ഷണത്തിനാക്കൊലാ"





7 comments:

സൗഗന്ധികം said...

എന്തു പറഞ്ഞിടാൻ...? കലികാലവൈഭവമിതെല്ലാം..!!

നല്ല വരികൾ, കവിത

ശുഭാശംസകൾ...

മാധവം said...

...
ഷാജി, കവിത വളരെ ഇഷ്ട്ടമായി. നല്ല കവിത...കാലികപ്രസക്തി എടുത്തുപറയേണ്ടതില്ലല്ലോ . എല്ലാവരുടെയും ഉള്ളില്‍ ഒരു പേടി
എപ്പോഴും കണ്‍ തുറന്നിരിക്കുന്നു ....

ആശംസകള്‍...

ജന്മസുകൃതം said...

manassu neettunna vilapam....theerchayaayum aarum nokkippokum.abhinandanangal.

ajith said...

എവിടെയെന്‍ വിഷുപ്പക്ഷി
എവിടെ അതിന്‍ പാട്ട്
തേടി ഞാന്‍ അലയുന്നു

ആശങ്കകളുടെ വിഷുക്കാ‍ലം

എന്നാലും വിഷു ആശംസകള്‍ പറയട്ടെ

Madhusudanan P.V. said...

വേദനിക്കുമാ വിഷുപ്പക്ഷിതൻ വിലാപത്തിൻ
നാദമിന്നപസ്വരമെന്നോതും സമൂഹത്തിൽ
ആദിമദ്ധ്യാന്തം തിരിച്ചറിയാൻ കഴിയാത്ത
സോദരർ അമ്പുംവില്ലുമേന്തിത്താൻ സടക്കുന്നു

Cv Thankappan said...

ഉള്ളില്‍ ഗദ്ഗദം നിറയുമ്പോള്‍
എങ്ങിനെ പാടും?!!
നല്ല കവിത
ഐശ്വര്യം നിറഞ്ഞ വിഷുആശംസകള്‍

ഷാജി നായരമ്പലം said...

തുറന്നേയിരിക്കുക കണ്ണുകൾ എന്ന സന്ദേശം ഉൾക്കൊള്ളാനും നല്കുവാനുമാല്ലാതെ നമുക്കെന്താണ് ആവുക ....

നന്ദി പ്രിയപ്പെട്ടവരേ