Tuesday, March 24, 2015

മാ നിഷാദ!

മാ നിഷാദ!


ആരെ നോക്കിപ്പറഞ്ഞു വാൽമീകിയി-
പ്പേരു ദോഷം പതിച്ചാർക്കു വച്ചുവോ?
ഏതൊരമ്പിൻ മുനപ്പിൽ കൊരുത്തു വൻ
പാപഭാരം വരം വാങ്ങി വച്ചതാർ?

പ്രാണരോദനം കേട്ടുവോ? ആരുടെ
പ്രാണനെക്കുത്തി നോവിച്ചു വിട്ടുവോ?
ഏതു പൈങ്കിളിച്ചോരയാൽ കാട്ടിലെ
പൂക്കളും പുല്ലുമാകെക്കുതിർന്നുവോ?
ആരു പെണ്ണിൻ മുലക്കണ്ണരിഞ്ഞുവോ,
ക്രൂരമായ് വെട്ടിയാട്ടിയോടിച്ചുവോ,
ആരൊളിഞ്ഞസ്ത്രമെയ്തയച്ചാരുടെ
ജീവനെത്തീർത്തു നിഷ്ഠുരം, നിർദ്ദയം?

 എത്ര കാട്ടാളരെക്കൊന്നു, കാടിന്റെ
മക്കളെക്കൊന്നു രക്ഷിച്ചതാരെയോ?
ആരു നെഞ്ഞം തകർത്തു തൻ പാതിയിൽ
പേരു ദോഷം സ്ഥിരം ചൊല്ലിയിങ്ങനെ?

നേരെനോക്കിപ്പറഞ്ഞില്ലയക്കവി
പേരു ചൊല്ലിപ്പതം പാടിയില്ല ഹാ!
മാ നിഷാദ!യെന്നുച്ചരിച്ചിക്കാവ്യ-
മെറെ ഗൂഢം പറഞ്ഞുവച്ചിങ്ങനെ!

ആരെ നോക്കിപ്പറഞ്ഞു വാൽമീകിയി-
പ്പേരുദോഷം പതിച്ചാർക്കു വച്ചുവോ!

2 comments:

ajith said...

വിജയികളും അവരെച്ചാര്‍ന്നു നില്‍ക്കുന്നവരുമാണ് ചരിത്രമെഴുതിയത്. അതാണ് കവികളും വാഴ്ത്തിപ്പാടിയിട്ടുള്ളത്. സത്യം മറഞ്ഞുകിടക്കും! തേടുന്നവര്‍ക്ക് മാത്രം ലഭിക്കുകയും ചെയ്യും!

ഷാജി നായരമ്പലം said...

തീർച്ചയായും. സത്യത്തെതേടുന്നതാകനം കവിത അല്ലെ അജിത് സാർ. നന്ദി കുറിപ്പിനു്